മുംബൈ: ന്യൂസീലൻഡ് പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ ഏകദിന മത്സരം നവംബർ നാലിനും ടെസ്റ്റ് പരമ്പര നവംബർ 19-നും ആരംഭിക്കും. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച മുൻ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയും ഏകദിന പരമ്പരയിൽ പൂർണമായും കളിക്കും.
ആദ്യ മൂന്ന് ഏകദിന മത്സരങ്ങളിൽ ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിക്കും. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. എന്നാൽ ഗില്ലിന്റെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി അവസാന രണ്ട് ഏകദിനങ്ങളിൽ ശ്രേയസ് അയ്യർ ടീമിന്റെ ക്യാപ്റ്റനാകും. ഈ മത്സരങ്ങളിൽ ഇഷാൻ കിഷനായിരിക്കും വൈസ് ക്യാപ്റ്റൻ. പര്യടനത്തിന്റെ ഭാഗമായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
പ്രധാന പേസർ ജസ്പ്രീത് ബുംറയെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഏകദിന ടീമിൽ നിന്ന് പൂർണമായി ഒഴിവാക്കി. ബംഗാൾ പേസർ ആകാശ് ദീപിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചവിളിച്ചപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയ്ക്ക് അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിലേക്ക് കന്നി വിളി ലഭിച്ചു.
ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും ധ്രുവ് ജുറെലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്; എന്നാൽ പന്തിന്റെ പങ്കാളിത്തം ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിന്റെ ഫിറ്റ്നസ് അനുമതിക്ക് വിധേയമായിരിക്കും. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ പ്രസിദ്ധ് കൃഷ്ണയുടെ തെരഞ്ഞെടുപ്പ് ഫിറ്റ്നസ് തെളിയയിക്കുന്നതിന് വിധേയമാണ്. കൂടാതെ ആദ്യ മൂന്ന് ഏകദിനങ്ങളിലേക്ക് അൻഷുൽ കംബോജിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ആദ്യ 3 ഏകദിനങ്ങൾക്കുള്ള ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധീർ, അൻഷുൽ കംബോജ്, ഗുർനൂർ ബ്രാർ, ഋതുരാജ് ഗെയ്ക്വാദ്, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ (ഫിറ്റ്നസിന് വിധേയം), കുൽദീപ് യാദവ്.
അവസാന 2 ഏകദിനങ്ങൾക്കുള്ള ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധീർ, അഖ്വിബ് നബി, ഗുർനൂർ ബ്രാർ, ഋതുരാജ് ഗെയ്ക്വാദ്, അർഷ്ദീപ് സിങ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് ഠാക്കൂർ, കുൽദീപ് യാദവ്.
ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ഫിറ്റ്നസിന് വിധേയം), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
നവംബർ 19-ന് വെല്ലിങ്ടണിലാണ് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബർ 27 മുതൽ ക്രൈസ്റ്റ്ചർച്ചിൽ നടക്കും.
അതേസമയം രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരേ ബംഗാളിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പ്രഗ്യാൻ ഓജ തലവനായ സെലക്ഷൻ കമ്മിറ്റിയാണ് ഷമിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ താൻ പൂർണ കായികക്ഷമതയുള്ളവനാണെന്ന് ഷമി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Content Highlights: Shubman Gill to lead India in ODIs and Tests against New Zealand, Rohit Sharma and Virat Kohli included in the ODI squad, Shreyas Iyer to captain the last two ODIs, Jasprit Bumrah rested for ODIs but included in the Test squad, Mohammed Shami left out despite good domestic performance
Published: 17 Oct 2026, 08:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented