ഐപിഎല്ലിൽ ലോകോത്തര ബൗളർമാരെ വിറപ്പിച്ച പതിന്നാലുകാരനു മുന്നിൽ ഇംഗ്ലീഷ് പടയുടെ കൗമാരതാരങ്ങൾക്ക് എന്തുചെയ്യാനാകും. ഉയർന്നുവരുന്ന പന്തുകളെ തലങ്ങും വിലങ്ങും പ്രഹരിച്ച് അണ്ടർ 19 ഏകദിനത്തിലും വൈഭവ് സൂര്യവംശി താണ്ഡവമാടുന്ന കാഴ്ച. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേ സമാനതകളില്ലാത്ത പ്രകടനമായിരുന്നു വൈഭവിന്റേത്. 13 ഫോറുകളും 10 സിക്‌സറുകളുമടക്കം 78 പന്തിൽ നിന്ന് 143 റൺസെടുത്ത് മടങ്ങുമ്പോൾ യൂത്ത് ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഈ ലിറ്റിൽ സൂപ്പർസ്റ്റാർ കരസ്ഥമാക്കിയിരുന്നു.
സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ പുതുചരിത്രമെഴുതുകയായിരുന്നു. യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തിൽ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ൽ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുൾ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകർത്തത്. 2013-ൽ സെഞ്ചുറി നേടുമ്പോൾ 14 വർഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവിന് വന്നുചേർന്നു.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ചുറി തികച്ചിരുന്നു. 20 പന്തിൽ നിന്ന് താരം അർധസെഞ്ചുറിയും നേടി. അതോടെ അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തിൽ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ൽ നേപ്പാളിനെതിരേ 18 പന്തിൽ നിന്ന് താരം അർധസെഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തിൽ നിന്ന് 48 റൺസാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തിൽ 45 റൺസുമെടുത്തു.
ഐപിഎല്ലിലും ഇന്ത്യൻ അണ്ടർ 19 ടീമിലും തുടർച്ചയായി ഉജ്വലബാറ്റിങ് കാഴ്ചവെക്കുന്ന താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. തന്റെ ബാറ്റിങ് വൈഭവം കൊണ്ട് ഈ ബിഹാറുകാരൻ ലോകത്തെയൊന്നാകെ അമ്പരപ്പിക്കുകയാണ്. ഇനി ഇന്ത്യയുടെ സീനിയർ ടീമിൽ എന്നെത്തുമെന്ന് മാത്രമാണ് ആരാധകർ ചോദിക്കുന്നത്. അത് വിദൂരമല്ലെന്നുറപ്പ്. വൈറ്റ്‌ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവിതാരമാകുമെന്ന് ഉറപ്പിക്കുന്നുണ്ട് ക്രിക്കറ്റ് നിരീക്ഷകരും. ഒരു പതിന്നാലുകാരൻ എങ്ങനെയാണ് ഇത്രയും ശക്തിയോടെ സിക്‌സറുകൾ അടിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. അവിശ്വസനീയവും അസാധാരണവുമാണ് ഈ പ്രകടനമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ വൈഭവിന്റെ ഈ കഴിവിനെ ചെറുപ്പത്തിൽ തന്നെ കുട്ടിക്കാലത്തെ പരിശീലകനായ മനീഷ് ഓജ തിരിച്ചറിഞ്ഞിരുന്നു. പത്താം വയസ്സിൽ തന്നെ വൈഭവ് 90 മീറ്റർ സിക്‌സറുകൾ അടിച്ചിട്ടുണ്ടെന്നാണ് മനീഷ് പറയുന്നത്.
അതേസമയം തന്റെ നേട്ടങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ കഠിനപരിശ്രമമുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് വൈഭവ്. തനിക്ക് പരിശീലനത്തിന് പോകേണ്ടതിനാൽ അമ്മ മൂന്ന് മണിക്കൂർ മാത്രമാണ് അന്ന് ഉറങ്ങിയിരുന്നതെന്നും അച്ഛൻ ജോലി ഉപേക്ഷിച്ചെന്നുമാണ് വൈഭവ് മുമ്പൊരിക്കൽ പറഞ്ഞത്.
'ഞാൻ ഇന്ന് എന്താണോ, അതിന് എന്റെ മാതാപിതാക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്ക് പരിശീലനത്തിന് പോകേണ്ടതിനാൽ എന്റെ അമ്മ നേരത്തെ എഴുന്നേൽക്കുകയും എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുകയും ചെയ്യുമായിരുന്നു. രാത്രി 11 മണിക്ക് ഉറങ്ങി രണ്ട് മണിക്ക് എഴുന്നേൽക്കും. അവർ മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ.'- വൈഭവ് അന്ന് പറഞ്ഞു.
'എന്റെ അച്ഛൻ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജോലി ഉപേക്ഷിച്ചു, ഇപ്പോൾ എന്റെ ജ്യേഷ്ഠനാണ് അത് നോക്കുന്നത്. ഞങ്ങൾ വളരെ ബുദ്ധിമുട്ടിലായിരുന്നു. അച്ഛൻ എന്നെ പിന്തുണച്ചു. എനിക്ക് അത് നേടാൻ കഴിയുമെന്ന് പറഞ്ഞു. ഇന്ന് ഞാൻ നേടിയ വിജയത്തിന് കാരണം എന്റെ മാതാപിതാക്കളാണ്.'- വൈഭവ് കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ക്രിക്കറ്റ് ലോകത്തെയൊന്നടങ്കം കോരിത്തരിപ്പിച്ചാണ് മടങ്ങിയത്. പതിന്നാലുവയസ് മാത്രമുള്ള താരം ഐപിഎല്ലിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. അതിവേഗ സെഞ്ചുറിയും വെടിക്കെട്ട് പ്രകടനങ്ങളും കൊണ്ട് ഈ വണ്ടർകിഡ് ഐപിഎൽ ചരിത്രം തന്നെ തിരുത്തിയെഴുതി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ സെഞ്ചുറി കുറിച്ച വൈഭവ് 38 പന്തിൽ 11 സിക്സും ഏഴു ഫോറുമുൾപ്പെടെ 101 റൺസടിച്ച ശേഷമാണ് പുറത്തായത്. ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും 14 വയസും 32 ദിവസും മാത്രം പ്രായമുള്ള ഈ ലിറ്റിൽ സൂപ്പർ സ്റ്റാർ സ്വന്തമാക്കി. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന നേട്ടവും വെറും മൂന്നാമത്തെ മത്സരത്തിൽ വൈഭവ് സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമായിരുന്നു ഇത്.
ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം. നാലാം വയസ്സിൽ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പിന്നീടുള്ള സൂര്യവംശിയുടെ വളർച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.
Content Highlights: vaibhav suryavanshi performance india under 19 ipl records
Published: 06 Jul 2025, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented