മാഞ്ചസ്റ്റർ: കാത്തിരിപ്പിനൊടുവിൽ വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ കുപ്പായത്തിൽ ഇറങ്ങുന്നു. വൈഭവിന്റെ വരവിൽ പുറത്തായത് സഞ്ജു സാംസൺ. ഇന്ത്യ കിരീടം നേടിയ ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായിരുന്നു സഞ്ജു. അയർലൻഡിനെതിരായ പരമ്പരയിലെ മോശം ഫോമാണ് സഞ്ജുവിന്‌ തിരിച്ചടിയായത്. എന്നാൽ, സഞ്ജു മാത്രമല്ല പരമ്പരയിൽ ആരും തന്നെ തിളങ്ങിയിരുന്നില്ല.

To advertise here,

ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കുമ്പോൾ വൈഭവിന് പ്രായം 15 വയസ്സും 99 ദിവസവുമാണ്. ഇതോടെ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരിക്കുകയാണ് വൈഭവ്. സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് വൈഭവ് മറികടന്നത്. 1989ൽ പാകിസ്താനെതിരായ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 16 വയസ്സും 205 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം.

ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.