സിഡ്‌നി: ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ മുൻതാരം ബ്രെറ്റ് ലീ. ഇന്ത്യയുടെ മികച്ച താരമാണ് വൈഭവെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള എല്ലാവരും ചോദിക്കുന്നത് അവന് 15 വയസ് തന്നെയാണോ എന്നാണെന്നും ബ്രെറ്റ് ലീ പറഞ്ഞു. രൺവീർ അലഹബാദിയയുടെ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ബ്രെറ്റ് ലീ.

To advertise here,

'അവൻ അതിശയിപ്പിക്കുന്ന താരമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ളവർ ചോദിക്കുന്നത് അവന് 15 വയസായോ എന്നാണ്. എല്ലാവരുടേയും ചർച്ചാവിഷയവും അവൻ തന്നെയാണ്. അവന്റെ പ്രായം എത്രയാണെന്നത് ഞാൻ കണക്കിലെടുക്കുന്നില്ല. 15 വയസാണെങ്കിൽ അതിമനോഹരം എന്നേ പറയാനുള്ളു. ഇനി 17,18 വയസാണെങ്കിലും പ്രശ്‌നമില്ല. അവന് ക്രിക്കറ്റ് കളിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയുടെ മികച്ച കണ്ടെത്തൽ. ഇനിയും വലിയ നേട്ടങ്ങളിലേക്ക് അവൻ എത്തിച്ചേരും.'-ബ്രെറ്റ് ലീ പറഞ്ഞു. അവൻ ഇപ്പോഴും ചെറിയ കുട്ടിയാണെന്നും ആ കുട്ടിത്തം നഷ്ടപ്പെടുത്തരുതെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് വൈഭവ് ഇന്ത്യൻ ജെഴ്‌സിയിൽ അരങ്ങേറിയത്. എന്നാൽ ആ പരമ്പരയിൽ മികവിലേക്കുയരാനായില്ല. പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളിൽ നിന്ന് അർധ സെഞ്ചുറി ഉൾപ്പെടെ 151 റൺസ് നേടി. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനും വൈഭവാണ്.