ഇംഗ്ലണ്ട്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ വിവാദത്തിന് തിരികൊളുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ. ലോര്‍ഡ്‌സില്‍വെച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ അഞ്ചാം ദിനത്തില്‍ താരം എം.സി.സി. (മാറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്) അംഗവുമായി കയര്‍ത്തു. 

To advertise here,

അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സ്‌റ്റേഡിയത്തിലെ ലോങ് റൂമില്‍ വെച്ചാണ് താരം അംഗവുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ഉച്ചഭക്ഷണത്തിനായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ലോങ്‌റൂമിലൂടെ നടക്കുമ്പോള്‍ ഒരു എം.സി.സി. അംഗം ഖവാജയോട് എന്തോ പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന താരം അംഗത്തോട് കയര്‍ത്തു. സെക്യുരിറ്റി ഉദ്യേഗസ്ഥര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി. ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ആഷസിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്‌ട്രേലിയ നിലവില്‍ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിക്കുന്നതില്‍ ഖവാജയുടെ പങ്ക് വളരെ വലുതാണ്. ഖവാജയായിരുന്നു ആദ്യ ടെസ്റ്റിലെ 'പ്ലെയര്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം സ്വന്തമാക്കിയത്.