ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. അവസാനദിനം 10 വിക്കറ്റ് ശേഷിക്കേ ജയത്തിലേക്ക് 249 റണ്‍സ് കൂടി വേണമെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് പെട്ടെന്ന് ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - ട്രാവിസ് ഹെഡ് സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ ഓസീസ് സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിച്ചിരിക്കുകയാണ്.

To advertise here,

ഇതിനിടെ സ്മിത്തിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് നഷ്ടപ്പെടുത്തുന്നതിനും സ്റ്റേഡിയം സാക്ഷിയായി.

മോയിന്‍ അലി എറിഞ്ഞ 66-ാം ഓവറിലെ ആദ്യപന്ത് സ്മിത്തിന്റെ ഗ്ലൗവില്‍ തട്ടി ഉയര്‍ന്ന് നേരേ പോയത് ലെഗ് ഗള്ളിയില്‍ ഫീല്‍ഡ് ചെയ്തിരുന്ന സ്റ്റോക്ക്‌സിന്റെ നേര്‍ക്ക്.  ഉയര്‍ന്നുചാടിയ സ്‌റ്റോക്ക്‌സ് പന്ത് പിടിച്ചെടുത്തു. പക്ഷേ ക്യാച്ചെടുത്ത ആവേശത്തില്‍ നിലത്ത് കാലൂന്നും മുമ്പ് പന്ത് പിടിച്ചിരുന്ന സ്റ്റോക്ക്‌സിന്റെ വലംകൈ വലം കാല്‍മുട്ടിലിടിച്ചു, ഫലമോ പന്ത് കൈയില്‍നിന്നു വഴുതി നിലത്ത് വീണു. ഇംഗ്ലീഷ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ വിക്കറ്റ് നല്‍കിയില്ല. പിന്നാലെ സ്റ്റോക്ക്‌സ് റിവ്യൂ എടുത്തെങ്കിലും തേര്‍ഡ് അമ്പയറും നോട്ടൗട്ട് വിധിച്ചു. പന്ത് പൂര്‍ണമായും സ്റ്റോക്ക്‌സിന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നായിരുന്നു നിരീക്ഷണം. ഇതോടെ നിര്‍ണായകമായ കൂട്ടുകെട്ട് പൊളിക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

അതേസമയം 384 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് അഞ്ചാം ദിനം മഴ മൂലം കളിനിര്‍ത്തിവെയ്ക്കുമ്പോള്‍ മൂന്നിന് 238 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കേ വിജയത്തിലേക്ക് അവര്‍ക്കിനി 146 റണ്‍സ് കൂടി വേണം. 40 റണ്‍സെടുത്ത സ്മിത്തിനൊപ്പം 31 റണ്‍സുമായി ട്രാവിസ് ഹെഡാണ് ക്രീസില്‍. 2001-ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ആദ്യമായി ആഷസ് പരമ്പര നേടാനുള്ള തയ്യാറെടുപ്പിലാണവര്‍.