ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിലെ വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിന് പിന്നാലെ വൈറ്റ് ബോൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടു മുൻ താരം സഞ്ജയ് മഞ്ജരേക്കർ. വൈഭവിന്റെ പ്രകടനത്തെ അഭിനന്ദിച്ചെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റ് എത്തിനിൽക്കുന്ന പരിഹാസ്യമായ അവസ്ഥയാണ് ഇത് കാണിക്കുന്നതെന്ന് മഞ്ജരേക്കർ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ യുഎഇയ്‌ക്കെതിരേ 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ ഒട്ടേറെ റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു.
‘വൈഭവിന്റെ ബാറ്റിങ്ങിൽ പ്രത്യേകതയുണ്ട്, അതിൽ സംശയമില്ല. എന്നാൽ അവൻ ചെയ്തത് വൈറ്റ് ബോൾ ക്രിക്കറ്റ് എത്തിനിൽക്കുന്ന പരിഹാസ്യമായ അവസ്ഥയെ ഓർമിപ്പിക്കുന്നതാണ്. ആരാധകർ ഇതാണ് ആഗ്രഹിക്കുന്നതെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. ക്രിക്കറ്റ് ബാറ്റും പന്തും തമ്മിലുള്ള കളിയാണ്. ബാറ്റ് മാത്രമല്ല.’ - മഞ്ജരേക്കർ കുറിച്ചു.
ഇരട്ട സെഞ്ചുറിക്ക് പിന്നാലെ വൈഭവിനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് ക്രിക്കറ്റ് ലോകം. മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം വൈഭവിന്റെ ബാറ്റിങ് വിസ്മയത്തെ പ്രശംസിച്ച് രംഗത്തെത്തി. അതേസമയം വിമർശനങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നിർണായക മത്സരങ്ങളിൽ വൈഭവ് തിളങ്ങാറില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശം.
യു.എ.ഇ.യ്ക്കെതിരായ മത്സരത്തിലാണ് വൈഭവ് കത്തിക്കയറിയത്. യുഎഇ 50 ഓവറിൽ എട്ടുവിക്കറ്റിന് 249 റൺസാണെടുത്തത്. മറുപടിബാറ്റിങ്ങിൽ സൂര്യവംശിയുടെ താണ്ഡവമാണ് ക്രിക്കറ്റ്‌ലോകം കണ്ടത്. 53 പന്തിൽ 204 റൺസടിച്ച റെക്കോഡ് പ്രകടനത്തിൽ 14.2 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത് ഇന്ത്യൻ എ ടീം ജയത്തിലെത്തി.
16 പന്തിൽ 50 റൺസിലെത്തിയ സൂര്യവംശി 28 പന്തിൽ 100 റൺസും 40 പന്തിൽ 150 റൺസും കടന്നു. 52 പന്തിലാണ് ഇരട്ടസെഞ്ചുറി വന്നത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി, 150, ഇരട്ട സെഞ്ചുറി, പ്രായം കുറഞ്ഞ ഇരട്ടസെഞ്ചുറിക്കാരൻ എന്നീ റെക്കോഡുകൾ 15-കാരൻ സൂര്യവംശിക്ക് സ്വന്തമായി. 28 സിക്‌സ് നേടിയതോടെ ലിസ്റ്റ് എ-യിലും ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഒരു ഇന്നിങ്‌സിൽ കൂടുതൽ സിക്‌സ് നേടുന്ന താരവുമായി. ലിസ്റ്റ് എ-യിൽ 2018-ൽ വെസ്റ്റേൺ ഓസ്ട്രേലിയക്കായി ഡാർസി ഷോട്ട് നേടിയ 23 സിക്സുകളുടെ റെക്കോഡാണ് തകർന്നത്. റിങ്കു സിങ് 27 റൺസുമായി പുറത്താകാതെനിന്നു.
Content Highlights: Vaibhav Sooryavanshi scored a record-breaking 204 runs off 53 balls against UAE in the Asia Cup Rising Stars tournament., Sanjay Manjrekar criticized the state of white-ball cricket, calling it 'ridiculous' and stating that the bat-ball balance is disturbed
Published: 26 Nov 2026, 09:54 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented