ന്യൂഡൽഹി: ഓസ്‌ട്രേലിയ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുവേണ്ടി ഒരുക്കിയ പിച്ചിനെതിരെ രൂക്ഷ പ്രതികരണവുമായി സുനിൽ ഗാവസ്‌ക്കർ രംഗത്ത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒരു ടെസ്റ്റ് ഇതുപോലെ രണ്ട് ദിവസത്തിൽ അവസാനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണമെന്ന് ഗാവസ്‌ക്കർ സ്‌പോർട്‌സ്‌സ്റ്റാറിൽ എഴുതിയ ലേഖനത്തിൽ ചോദിച്ചു. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും പിച്ചുകളെ താരതമ്യം ചെയ്യുമ്പോൾ പലരും ഇരട്ടത്താപ്പാണ് കാട്ടുന്നതെന്നും ഗാവസ്‌ക്കർ എഴുതി.

To advertise here,

ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലൻഡിലുള്ള മെക്കേയിൽ നടന്ന ടെസ്റ്റിന്റെ രണ്ടന്നിങ്‌സിലും നൂറ് റൺസ് തികയ്ക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നില്ല. 64, 95 എന്നിങ്ങനെയായിരുന്നു അവരുടെ രണ്ടിങ്‌സിലെയും സ്‌കോർ. 210 റൺസെടുത്ത ഓസ്‌ട്രേലിയ ഒരിന്നിങ്‌സിനും 51 റൺസിനും വിജയിക്കുകയും ചെയ്തു. ഡാർവിനിൽ നടന്ന ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ഇതോടെ പരമ്പര സമനിലയിലായി. ഈ പിച്ചിൽ ബാറ്റ് ചെയ്യാൻ ഓസ്‌ട്രേലിയൻ ബാറ്റർമാരും വിഷമിച്ചു. ടോപ് സ്‌കോററായി കാമറൂൺ ഗ്രീനിന് 67 റൺസ് മാത്രമാണ് നേടാനായത്. എക്‌സ്ട്രാസ് കഴിഞ്ഞാൽ മൂന്ന് പേർക്ക് മാത്രമാണ് ഓസീസ് നിരയിലും ഇരട്ടയക്കം കടക്കാനായത്. ഇതിനെ തുടർന്നാണ് ഗാവസ്‌ക്കർ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്.

'ഇത് രണ്ട് ദിവസം കൊണ്ട് തീരുമാനമായ മറ്റൊരു ടെസ്റ്റ് കൂടി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇത് നാലാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതുപോലുള്ള ഫലങ്ങൾ സമ്മാനിക്കുന്ന അമിത ബൗൺസുള്ള ഇത്തരം പിച്ചുകളെ കുറിച്ച് ഇതുവരെ ആരും ഒരക്ഷരം മിണ്ടിയിട്ടില്ല. വൈകാതെ ഇതിനുള്ള ഒഴികഴിവുകൾ നമുക്ക് കേട്ടുതുടങ്ങാം. ഗ്രൗണ്ട്‌സ്റ്റാഫിന്റെയും ടർഫ് എക്‌സിക്യുട്ടീവിന്റെയൊ ഒക്കെ മേൽ പഴിചാരി രക്ഷപ്പെടുന്നത് നമുക്ക് വൈകാതെ കാണാം-ഗാവസ്‌ക്കർ കുറിച്ചു.

മഴ കാരണം പിച്ചിൽ കൂടതൽ പുല്ലു വളർന്നതും ഇതുമൂലം അമിതമായി പന്ത് കുത്തിയുയരുന്ന സാഹചര്യവുമായി ബംഗ്ലാദേശിന്റെ ബാറ്റർമാർക്ക് പൊരുത്തപ്പെടാനാവാതിരുന്നതുമാണ് പ്രശ്‌നം. അല്ലാതെ ഇത് പിച്ചിന്റെ പ്രശ്‌നമൊന്നുമല്ലെന്ന ന്യായീകരണമൊക്കെ വൈകാതെ കേൾക്കാം എന്നും ഗാവസ്‌ക്കർ എഴുതി. ആതിഥേയരുടെ ബാറ്റർമാർ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ നമുക്ക് മനസിലാക്കാമായിരുന്നു. എന്നാൽ, അവർക്കും നല്ല സ്‌കോർ കണ്ടെത്താനോ നല്ലൊരു കൂട്ടുകെട്ട് പടുത്തുയർത്താനോ കഴിയാതെ വരുമ്പോൾ നമ്മൾ പിച്ചിനെ കുറിച്ച് എന്ത് മനസിലാക്കണം. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ സാഹചര്യം വെച്ചുനോക്കുമ്പോൾ മെക്കെയിലെ പിച്ചിന്റെ പ്രശ്‌നം യാദൃച്ഛികമാണെന്ന് കരുതാനാവില്ല. അതിൽ അതിശയകരമായി ഒന്നുമില്ല. ഗ്രൗണ്ട് സ്റ്റാഫ് അവരുടെ ഇച്ഛയ്ക്ക് അനുസരിച്ച് പിച്ചൊരുക്കിയതാണെന്നും ഇക്കാര്യത്തിൽ ടീം മാനേജ്‌മെന്റ് നിർദേശമൊന്നും നൽകിയിട്ടില്ല എന്നുമാവും പറയുക. എന്നാൽ, വാസ്തവം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. തങ്ങളുടെ ബൗളിങ് കരുത്തിന് അനുയോജ്യമായ പിച്ചാണ് ഒരുക്കുതെന്ന് പറയാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് മടി കാണിച്ചിട്ടില്ല. എന്നാൽ, മറ്റ് ചിലർ മൗനം പാലിച്ച് ഇതുതന്നെ ചെയ്യുന്നു. ഇതേ കളി ഇന്ത്യയിലായിരുന്നു നടന്നിരുന്നതെങ്കിൽ ഈ പിച്ചിനെ അവർ എങ്ങനെയാവും വിലയിരുത്തുക. മാച്ച് റഫറിയുടെ പിച്ച് റിപ്പോർട്ട് എങ്ങനെയാവും എന്നറിയാൻ താത്പര്യമുണ്ട്. മാധ്യമങ്ങളെ പേടിച്ച് അവരാരും മോശം റിപ്പോർട്ട് കൊടുക്കുമെന്ന് തോന്നുന്നില്ല. സമീപകാലത്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ അവസാനിച്ച് ടെസ്റ്റുകളുടെ കാര്യത്തിലെല്ലാം നമ്മൾ ഇതു കണ്ടതാണ്. ഇന്ത്യയിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരം ഇതുപോലെ മൂന്ന് ദിവസത്തിൽ അവസാനിച്ചാൽ എന്തൊക്കെ മോശപ്പെട്ട റിപ്പോർട്ടുകളാവും ആ പിച്ചുകളെ കറിച്ചും ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ചും ബി.സി.സി.ഐയെക്കുറിച്ചും ഉണ്ടാവുക. ഈ ഇരട്ടത്താപ്പിനെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടതുതന്നെയാണ്-ഗാവസ്‌ക്കർ എഴുതി.