
ലണ്ടൻ: വെസ്റ്റിൻഡീസ് പരമ്പരയിലെ സതാംപ്ടണിൽ നടന്ന ആദ്യ ടെസ്റ്റിൽ നിന്ന് മാറ്റിനിർത്തിയപ്പോൾ താൻ വിരമിക്കലിനെ കുറിച്ച് കാര്യമായി ആലോചിച്ചിരുന്നുവെന്ന് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്.
ഇംഗ്ലണ്ട് നാലു വിക്കറ്റിന് തോറ്റ സതാംപ്ടൺ ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സൻ, ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നീ പേസർമാരുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. നാട്ടിൽ തുടർച്ചയായ 51 ടെസ്റ്റുകൾക്ക് ശേഷമായിരുന്നു ബ്രോഡിന് ഒരു ടെസ്റ്റ് നഷ്ടമാകുന്നത്. എട്ടു വർഷത്തിനിടെ ആദ്യവും.
'' ഞാൻ കളിക്കുന്നില്ലെന്ന് സ്റ്റോക്ക്സി (ബെൻ സ്റ്റോക്ക്സ്) പറഞ്ഞപ്പോൾ, എന്റെ ശരീരം വിറയ്ക്കുന്നതായി എനിക്ക് തോന്നി. എനിക്ക് കഷ്ടിച്ച് മാത്രമേ സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.'' - ബ്രോഡ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിന് പകരം ഇംഗ്ലണ്ട് ടീമിനെ നയിച്ചത് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സായിരുന്നു. സതാംപ്ടൺ പിച്ച് പേസിനെ തുണയ്ക്കുന്നതാണ് എന്ന കാരണത്താലാണ് ബ്രോഡിനെ ആദ്യ ടെസ്റ്റിൽ നിന്ന് മാറ്റിനിർത്തിയത്.
എന്നാൽ ആ മാറ്റിനിർത്തലിന് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ബ്രോഡ് പകരം ചോദിച്ചു. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും ടെസ്റ്റുകൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ അതിൽ നിർണായകമായ സാന്നിധ്യമായത് ബ്രോഡായിരുന്നു.
ഇംഗ്ലണ്ട് 113 റൺസിന് ജയിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റുകളുമായി തിളങ്ങിയ ബ്രോഡ് മൂന്നാമത്തെയും അവസാനെത്തെയും ടെസ്റ്റിൽ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് സ്വന്തമാക്കിയത് 269 റൺസ് ജയവും പരമ്പരയുമാണ്. ഇതോടൊപ്പം ടെസ്റ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടു.
മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുകളാണ് ബ്രോഡ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ 369 റൺസെടുത്ത ഇംഗ്ലണ്ടിനായി ബ്രോഡ് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 45 പന്തിൽ 62 റൺസുമായി തിളങ്ങി. 33 പന്തിലാണ് ബ്രോഡ് 50 തികച്ചത്. ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരത്തിന്റെ മൂന്നാമത്തെ അതിവേഗ അർധ സെഞ്ചുറിയായിരുന്നു ഇത്.
ഒന്നാം ഇന്നിങ്സിൽ 31 റൺസ് വഴങ്ങി ബ്രോഡ് ആറു വിക്കറ്റെടുത്തിരുന്നു. കരിയറിൽ ബ്രോഡിന്റെ 18-ാം അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്.
പരമ്പരയിൽ ആകെ 16 വിക്കറ്റുകൾ വീഴ്ത്തിയ ബ്രോഡാണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. പരമ്പരയിലെ വെറും രണ്ടു ടെസ്റ്റുകളിൽ നിന്നാണ് താരം 16 വിക്കറ്റുകൾ വീഴ്ത്തിയത്. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബ്രോഡ് തന്നെ.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം വിൻഡീസ് ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടിരുന്നു. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017-ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
Content Highlights: Stuart Broad said he considered retiring after being omitted from Southampton Test
Published: 02 Aug 2020, 10:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented