ഗല്ലെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. ഓസ്‌ട്രേലിയയെ ഇന്നിങ്‌സിനും 39 റണ്‍സിനും തകര്‍ത്താണ് ശ്രീലങ്ക കൂറ്റന്‍ വിജയം നേടിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ 364, 151. ശ്രീലങ്ക 554. 

To advertise here,

ഇരട്ട സെഞ്ചുറി നേടിയ വെറ്ററന്‍ താരം ദിനേശ് ചണ്ഡിമലും രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 12 വിക്കറ്റ് വീഴ്ത്തിയ യുവതാരം പ്രഭാത് ജയസൂര്യയുമാണ് ശ്രീലങ്കയുടെ വിജയശില്‍പ്പികള്‍. ഈ വിജയത്തോടെ പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. 

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 364 റണ്‍സ് മറികടക്കാനായി ബാറ്റേന്തിയ ശ്രീലങ്ക തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 326 പന്തുകളില്‍ നിന്ന് പുറത്താവാതെ 206 റണ്‍സെടുത്ത ചണ്ഡിമല്‍ ആതിഥേയര്‍ക്ക് വേണ്ടി പൊരുതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരം എന്ന റെക്കോഡും ചണ്ഡിമല്‍ സ്വന്തമാക്കി.  ദിമുത് കരുണരത്‌നെ 86 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലുവിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 554 റണ്‍സെടുത്തു. ഇതോടെ ശ്രീലങ്ക 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു. 

190 റണ്‍സ് മറികടന്ന് വിജയലക്ഷ്യം കുറിക്കാനായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഓസ്‌ട്രേലിയയ്ക്ക് പക്ഷേ അടിതെറ്റി. രണ്ടാം ഇന്നിങ്‌സില്‍ വെറും 151 റണ്‍സിന് ടീം ഓള്‍ ഔട്ടായി. രണ്ടാം ഇന്നിങ്‌സിലും ആറുവിക്കറ്റ് വീഴ്ത്തിയ ജയസൂര്യയുടെ പന്തുകള്‍ക്ക് മുന്നില്‍ ഓസീസ് പതറി. 32 റണ്‍സെടുത്ത മാര്‍നസ് ലബൂഷെയ്ന്‍ മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്.