
ജൊഹന്നാസ്ബർഗ്: പാകിസ്താന്റെ ദേശീയ ടീമിൽ കളിക്കാൻ കഴിയാത്തതിൽ തനിക്കിപ്പോഴും ദു:ഖമുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ. പാകിസ്താന്റെ അണ്ടർ-19 ടീമിലും ജൂനിയർ ടീമിലും ലെഗ് സ്പിന്നറായ താഹിർ കളിച്ചിരുന്നു. എന്നാൽ പാകിസ്താന്റെ ദേശീയ ടീമിലെത്താനായില്ല. തുടർന്ന് 2006-ൽ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ താഹിറിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ മികച്ച സ്പിന്നർ ഇല്ലാത്തത് തുണയായി. 2011-ലെ ഏകദിന ലോകകപ്പിൽ താഹിർ ആദ്യമായി ദക്ഷിണാഫ്രിക്കയുടെ ജഴ്സി അണിഞ്ഞു.
'ഇന്നു ഞാൻ എന്തായിരിക്കുന്നോ അതിന് പിന്നിൽ ലാഹോറിൽ കളിച്ചുവളർന്ന ആ നാളുകളാണ്. കരിയറിൽ ഭൂരിഭാഗവും പാകിസ്താന് വേണ്ടിയാണ് ക്രിക്കറ്റ് കളിച്ചത്. ജൂനിയർ തലത്തിലും അണ്ടർ-19 ടീമിലും കളിച്ചിട്ടും പാകിസ്താന്റെ ജഴ്സി അണിയാനായില്ല. അതിൽ ഒരുപാട് സങ്കടവും നിരാശയുമുണ്ട്.' ജിയോ സൂപ്പറിന് നൽകിയ അഭിമുഖത്തിൽ താഹിർ പറയുന്നു.
താഹിറിന്റെ ഭാര്യ സുമയ്യ ദിൽദാർ ദക്ഷിണാഫ്രിക്കയ്ക്കാരിയാണ്. അവിടേക്കുള്ള കുടിയേറ്റത്തിന് കാരണമായതും ഭാര്യ തന്നെയാണ്. 2006-ലായിരുന്നു താഹിർ ദക്ഷിണാഫ്രിക്കയിൽ താമസിക്കാൻ തുടങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീമിൽ കളിക്കാൻ പിന്നേയും അഞ്ചു വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാൻ കഴിഞ്ഞതിന്റെ മുഴുവൻ ക്രെഡിറ്റും ഭാര്യയ്ക്കാണ് നൽകുന്നത്. പാകിസ്താൻ വിടുക എന്നത് കഠിനമായ തീരുമാനമായിരുന്നു. പക്ഷേ ദൈവാനുഗ്രഹത്താൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാൻ കഴിഞ്ഞു. താഹിർ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ 95 ഏകദിനങ്ങൾ കളിച്ച ലെഗ് സ്പിന്നർ 156 വിക്കറ്റുകൾ വീഴ്ത്തി. 2011,2015 ലോകകപ്പുകളിലും കളിച്ചു. 2019-ലെ ലോകകപ്പോടെ ഏകദിനങ്ങളിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.
Content Highlights: South Africas Imran Tahir disappointed not to have played for Pakistan
Published: 23 Jul 2020, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented