
ക്യുബേറ (ദക്ഷിണാഫ്രിക്ക) : ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാംമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ശ്ചയിച്ച 15 ഓവറില്‍ 152 റണ്‍സ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെൻഡ്രിക്സ് 27 പന്തില്‍ 49 റണ്‍സ് നേടി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 17 പന്തില്‍ 30 റണ്‍സും മാത്യു ബ്രിയറ്റ്‌സ്‌ക ഏഴ് പന്തില്‍ 16 റണ്‍സും നേടി. 12 പന്തില്‍ 17 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ മുകേഷ് കുമാറിന്റെ ബോളില്‍ സിറാജിന് ക്യാച്ച് നല്‍കി പുറത്തായി. 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ സിക്‌സ് പറത്തിയാണ് ആൻഡിൽ ഫെഹ്ലുക്വായോ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍ 14 റണ്‍സ് നേടി.
ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ടും മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യ 19.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തിയതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും റിങ്കു സിങ്ങിന്റെയും അര്‍ധ സെഞ്ചുറി ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 68 റണ്‍സെടുത്ത റിങ്കു സിങ് പുറത്താകാതെ നിന്നു.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനെയും (0) ശുഭ്മാന്‍ ഗില്ലിനെയും (0) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ - സൂര്യകുമാര്‍ സഖ്യം 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. പിന്നാലെ 20 പന്തില്‍ നിന്ന് 29 റണ്‍സുമായി തിലക് മടങ്ങി.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ സൂര്യയ്ക്കൊപ്പം റിങ്കു സിങ് ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും അതിവേഗം 70 റണ്‍സ് ചേര്‍ത്തു. 36 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 56 റണ്‍സെടുത്ത സൂര്യയെ മടക്കി തബ്രൈസ് ഷംസിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ജിതേഷ് ശര്‍മയുടെ (1) വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 19 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, റിങ്കുവിന് പിന്തുണ നല്‍കിയതോടെ സ്‌കോര്‍ 180-ല്‍ എത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്ട്സി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: South Africa vs India 2nd T20 at Gqeberha
Published: 13 Dec 2023, 12:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented