സെഞ്ചൂറിയന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ ആദ്യദിനം കനത്ത മഴമൂലം കളിനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ നിറഞ്ഞാടിയ മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ചുറി ബലത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. റബാദയുടെ ബൗളിങ് മികവിനു മുന്പില് ഇന്ത്യന്‍ നിര അമ്പേ പരാജയപ്പെട്ടു. അഞ്ച് വിക്കറ്റാണ് റബാദ നേടിയത്. 54.3 ഓവര്‍ മാത്രമാണ് ആദ്യദിനം എറിയാനായത്.
ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്കുവേണ്ടി കെ.എല്‍. രാഹുലും (105 പന്തില്‍ 70 റണ്‍സ്), മുഹമ്മദ് സിറാജുമാണ് (19 പന്തില്‍ 1) ക്രീസില്‍. ആദ്യഘട്ടത്തില്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പോയശേഷം വിരാട് കോലിയും (64 പന്തില്‍ 38 റണ്‍സ്) ശ്രേയസ് അയ്യരും (50 പന്തില്‍ 31) അല്പമെങ്കിലും ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (37 പന്തില്‍ 17 റണ്‍സ്), രോഹിത് ശര്‍മ (14 പന്തില്‍ അഞ്ച് റണ്‍സ്), ശുഭ്മാന്‍ ഗില്‍ (12 പന്തില്‍ രണ്ട് റണ്‍സ്) എന്നിവരെ തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടു.
11 പന്തില്‍ എട്ടുറണ്‍സെടുത്തുനില്‍ക്കേ രവിചന്ദ്ര അശ്വിനെയും റബാദ മടക്കി. 33 പന്തില്‍നിന്ന് 24 റണ്‍സെടുത്ത ശര്‍ദുല്‍ താക്കൂറും റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗറിന് ക്യാച്ച് നല്കി മടങ്ങി. 19 പന്തില്‍നിന്ന് ഒരു റണ്ണെടുത്ത് ജസ്പ്രീത് ബുംറയും മടങ്ങി. നാന്ദ്രേ ബര്‍ഗറിനാണ് രണ്ട് വിക്കറ്റ്. മാര്‍ക്കോ ജാന്സന് ഒരു വിക്കറ്റുമുണ്ട്.
രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നാലെ ജയ്സ്വാളും ഗില്ലും മടങ്ങി. ഇന്ത്യന്‍ ടീമില്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. നാല് പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്നതാണ് ഇന്ത്യന്‍ ഇലവന്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 30 വര്‍ഷത്തിലധികമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നു. 1992 മുതല്‍ ഇതുവരെ എട്ട് പരമ്പരകള്‍ കടന്നുപോയി. അതില്‍ ഏഴിലും ഇന്ത്യയെ കാത്തിരുന്നത് തോല്‍വിയായിരുന്നു. 2010-11-ല്‍ നടന്ന പരമ്പര സമനിലയില്‍ എത്തിക്കാനായത് മാത്രമാണ് പ്രധാനപ്പെട്ട നേട്ടം. ഈ മോശം റെക്കോഡ് തിരുത്തിയെഴുതുക എന്നത് ലക്ഷ്യമിട്ടാണ് രോഹിത്തും സംഘവുംഇറങ്ങിയത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Content Highlights: South Africa vs India 1st Test day 1 at Centurion
Published: 26 Dec 2023, 08:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented