ഇന്ദോർ: ന്യൂസീലൻഡിനെതിരേ നിർണായകമായ മൂന്നാം ഏകദിനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മൂന്നുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതിനാൽ അവസാനമത്സരം ജയിച്ച് പരമ്പര നേടാനാണ് ഗില്ലും സംഘവും ലക്ഷ്യമിടുന്നത്. ഇന്ദോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിലാണ് മത്സരം. എന്നാൽ ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട മറ്റൊരു വിവരമാണ് പുറത്തുവരുന്നത്. ഇന്ദോറിൽ മലിനജലം കുടിച്ച് ഒട്ടേറെപേർ മരിച്ച സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചയായതിനാൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ടീം.
റൺസിനും വിക്കറ്റുകൾക്കും പുറമേ കുടിവെള്ളം ശുദ്ധീകരിക്കാൻ കൂടി തയ്യാറായാണ് ഇന്ത്യൻ ടീമെത്തിയിരിക്കുന്നത്. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അതിനായി പ്രത്യേക വാട്ടർ പ്യൂരിഫയറും കരുതിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഇതിന്റെ വില. ഇന്ദോറിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് ടീം താമസിക്കുന്നതെങ്കിലും കുടിവെള്ളത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് ടീം.
അതേസമയം ടീമിന്റെ മീഡിയ മാനേജർ വിഷയത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഇന്ദോറിലെ മലിനജലവുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പശ്ചാത്തലത്തിലാണോ ഇത്തരമൊരു നീക്കമെന്നതിൽ വ്യക്തത വന്നിട്ടില്ല. താമസിക്കുന്ന ഹോട്ടലിലും മറ്റും ശുദ്ധമായ കുടിവെള്ളത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഗിൽ തന്റെ ഹോട്ടൽ മുറിക്ക് പുറത്ത് പ്യൂരിഫയർ സ്ഥാപിച്ചതായാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെട്ടിരുന്ന ഇന്ദോർ ഇപ്പോൾ ആരോഗ്യപരമായി ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. ഇന്ദോറിലെ ഭഗീരഥ്പുരയിൽ ജലജന്യ രോഗബാധ പടർന്നുപിടിച്ചതിനെത്തുടർന്ന് 15-ഓളം പേർ മരിക്കുകയും 1400-ൽ അധികം പേർ രോഗബാധിതരാവുകയും ചെയ്തു. അടുത്തിടെ ആറ് മാസമായ കുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഭഗീരഥ്പുര ജലവിതരണത്തിൽ പ്രാദേശിക ടോയ്ലെറ്റിൽ നിന്നുള്ള മലിനജലം കലർന്നതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. പൈപ്പ് ലൈനിലെ ചോർച്ച കാരണം കുടിവെള്ളം മലിനീകരണപ്പെട്ടതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് പ്രസാദ് ഹസാനി സ്ഥിരീകരിച്ചിരുന്നു.
Content Highlights: Shubman Gill Brings Rs 3 Lakh Water Purifier
Published: 17 Jan 2026, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented