ആളുര്‍ (കര്‍ണാടക): ഏഷ്യാ കപ്പിന് മുന്നോടിയായി ആളുരിലെ പ്രത്യേക ക്യാമ്പില്‍ ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. യോയോ ടെസ്റ്റും മറ്റ് ഫിറ്റ്‌നസ്, മെഡിക്കല്‍ ടെസ്റ്റുകളുമാണ് ഇവിടെ നടക്കുന്നത്. ഇതുവരെ പൂര്‍ത്തിയായ യോ യോ ടെസ്റ്റുകളില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 18.7 ആണ് ഗില്ലിന്റെ യോയോ ടെസ്റ്റ് സ്‌കോര്‍.

To advertise here,

16.5 ആണ് യോയോ ടെസ്റ്റിന്റെ കട്ട് ഓഫ് സ്‌കോര്‍. ഇതുവരെ യോയോ ടെസ്റ്റ് നടത്തിയ എല്ലാ ക്രിക്കറ്റ് താരങ്ങളും ഈ സ്‌കോര്‍ മറികടന്നിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിന് പേരുകേട്ട വിരാട് കോലിക്ക് യോയോ ടെസ്റ്റില്‍ ലഭിച്ച സ്‌കോര്‍ 17.2 ആണ്.

അയര്‍ലന്‍ഡ് പരമ്പര കഴിഞ്ഞെത്തിയ ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ, തിലക് വര്‍മ എന്നിവര്‍ വിശ്രമത്തിലായതിനാല്‍ യോയോ ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ല. ചെറിയ പരിക്കുള്ള കെ.എല്‍ രാഹുലും ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ടെസ്റ്റ് പാസായിട്ടുണ്ട്. 16.5-നും 18-നും ഇടയിലാണ് മിക്ക താരങ്ങളുടെയും സ്‌കോറുകള്‍.