ന്യൂഡല്‍ഹി: ടെസ്റ്റില്‍ മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെതിരേ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. 100 ടെസ്റ്റുകള്‍ കളിച്ച വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്കില്ലാത്ത പ്രത്യേക പരിഗണനയാണ് ടീമില്‍ ഗില്ലിന് ലഭിക്കുന്നതെന്ന് കുംബ്ലെ തുറന്നടിച്ചു.

To advertise here,

തന്റെ അവസാന 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഗില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരേ 128 റണ്‍സ് നേടിയ ശേഷം പിന്നീടിതുവരെ ടെസ്റ്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 36 ആണ്. ഇംഗ്ലണ്ടിനെതിരേ തോറ്റ ടെസ്റ്റില്‍ 23, 0 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകള്‍.

പൂജാര അവസാനമായി ഒരു ടെസ്റ്റ് കളിച്ചത് 2023 ജൂണില്‍ ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. അതിനു ശേഷം അദ്ദേഹം അവഗണിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മൂന്നാം നമ്പറില്‍ ഇറങ്ങുന്നത് ഗില്ലാണ്. ആ ബാറ്റിങ് സ്ഥാനം ഗില്‍ ചോദിച്ചുവാങ്ങിയതാണ്. ഈ മാസം ആദ്യം നടന്ന രഞ്ജി മത്സരത്തില്‍ പൂജാര ഇരട്ട സെഞ്ചുറി (243*) നേടിയിരുന്നു. പക്ഷേ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചില്ല.

ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി ഗില്‍ തന്റെ ബാറ്റിങ് ശൈലിയിലും ടെക്‌നിക്കിലും മാറ്റംവരുത്തിയേ മതിയാകൂവെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. രണ്ടാം ടെസ്റ്റില്‍ കുറച്ചുകൂടി സ്വതന്ത്രമായി ഗില്ലിന് കളിക്കാന്‍ സാധിക്കണം. റണ്‍സ് സ്‌കോര്‍ ചെയ്യണം. പ്രതിഭയുള്ള താരമാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്നത് അദ്ദേഹത്തിന് ആ മികവുള്ളതുകണ്ടാണ്. സ്പിന്നിനെ നേരിടാന്‍ സ്വന്തമായി ഒരു പദ്ധതി തയ്യാറാക്കണമെന്നും കുംബ്ലെ പറഞ്ഞു.