
കോട്ടയ്ക്കല്‍: ''എനിക്ക് സംശയമില്ല, അവന് ഇനിയും ഉയരങ്ങള്‍ കീഴടക്കും, അവനില്‍ ജന്മനാ ഒരു കളിക്കാരനുണ്ട്...'' -കണ്ണുകളില്‍ കടലോളം സന്തോഷംനിറച്ചാണ് മുഹമ്മദ് ഷെരീഫ് കുട്ടിക്കാലത്തെ തന്റെ പഴയചങ്ങാതിയുടെ അദ്ഭുതകരമായ നേട്ടത്തെപ്പറ്റി പറഞ്ഞത്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ മൂന്നുവിക്കറ്റ് നേട്ടത്തോടെ അദ്ഭുതംകുറിച്ച് വാര്‍ത്തകളില്‍നിറഞ്ഞ പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി വിഘ്നേഷിന്റെ വിജയം പെരുന്നാളെത്തുംമുന്പേയുള്ള ആഹ്ലാദപ്പെരുന്നാളാണ് ഷെരീഫിന്.
കണ്ണന് എന്ന് ഷെരീഫ് വിളിക്കുന്ന വിഘ്നേഷിലെ ബൗളറെ തിരിച്ചറിയുകയും അവനെ ആ വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തത് അയല്‍വാസിയും കളിക്കൂട്ടുകാരനുമായിരുന്ന മുഹമ്മദ് ഷെരീഫാണ്. ഇപ്പോള്‍ കോട്ടയ്ക്കല്‍ കുഴിപ്പുറത്തെ ദാറുസ്സലാം മസ്ജിദിലെ ഖത്തീബ് ആയ ഷെരീഫിന് വിഘ്നേഷുമൊത്തുള്ള ആ കുട്ടിക്കാലം ക്രിക്കറ്റിനോടുള്ള 'മൊഹബത്ത്' നിറഞ്ഞ കാലവുമായിരുന്നു. ഷെരീഫ് ആ കാലമോര്‍ക്കുന്നു:
'ഞങ്ങള്‍ അയല്‍വാസികളായിരുന്നു. വീടിനടുത്തുള്ള റോഡില്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന കളിക്കൂട്ടുകാര്‍. പത്തു പതിമൂന്നുവര്ഷം മുന്‍പാണത്. അക്കാലത്ത് ഞാന്‍ ക്യാമ്പില്പോയി കോച്ച് പി.ജി. വിജയകുമാര്സാറിന്റെയടുത്തുനിന്ന് ക്രിക്കറ്റ് പഠിച്ചിരുന്നു. പക്ഷേ, ക്രിക്കറ്റിനെക്കുറിച്ച് ഒന്നുംപഠിക്കാത്ത കണ്ണന് (വിഘ്നേഷ്) ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. ഇടതുകൈയിലെ മോതിരവിരല്കൊണ്ട് പന്ത് ചുഴറ്റിയെറിയുന്ന അവന്റെ മിടുക്ക് എന്നെ അദ്ഭുതപ്പെടുത്തി.
ഞാന്‍ കോച്ച് വിജയകുമാര്സാറിന്റെയടുത്തുചെന്ന് ഇവന്റെ കഴിവിനെപ്പറ്റി പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും സമ്മതംകൂടി കിട്ടിയതോടെ കണ്ണനെയും ക്യാമ്പിലേക്ക് കൊണ്ടുപോയി. രണ്ടോ മൂന്നോ വര്‍ഷം ഞങ്ങള്‍ ഒന്നിച്ചാണ് പോയിരുന്നത്. പിന്നീടങ്ങോട്ട് ഞാന്‍ കളിയില്‍നിന്ന് പിന്മാറി ആത്മീയരംഗത്തേക്കുവന്നു. അവന് കളിയില്‍ ശ്രദ്ധിച്ചു. അവന് അണ്ടര്‍ 14, 16 ഒക്കെ കളിച്ചു. ഞാന്‍ അണ്ടര്‍ 19 വരെ കളിച്ചു. ഐപിഎലില്‍ സെലക്ഷന് കിട്ടിയപ്പൊ അവന് മെസേജ് അയച്ചിരുന്നു. കളി കഴിഞ്ഞയുടനെ ധോനി പ്രശംസിച്ചതൊക്കെ അറിഞ്ഞു. -ഷെരീഫിന്റെ മുഖത്ത് അഭിമാനം.
പള്ളിയില്‍ പത്തുദിവസത്തെ പ്രത്യേക പ്രാര്ഥനകളിലായതിനാല് കണ്ണന്റെ കളികാണാന്‍ ഷെരീഫിനു കഴിഞ്ഞില്ല. പെരുന്നാളിനുശേഷം കാണും. രണ്ടുവര്‍ഷത്തിലേറെയായി മുഹമ്മദ് ഷെരീഫ് ഖത്തീബായി കുഴിപ്പുറത്തെത്തിയിട്ട്. ഭാര്യ: ആസ്യ.
Content Highlights: sherif the neighbour who guided vignesh to master left arm wrist spin
Published: 26 Mar 2025, 03:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented