ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ടീമിലെടുക്കാത്തതോടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ അടയുന്നു. ഇനി ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തരക്രിക്കറ്റിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും അതിനാല്‍ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് താരത്തെ സംബന്ധിച്ച് പ്രയാസകരമായിരിക്കുമെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്.

To advertise here,

നിലവിൽ ഷമിക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് കൂടുതൽ പ്രയാസമേറിയതാണെന്നും ദുലീപ് ട്രോഫിയിൽ ഒന്നോ രണ്ടോ നല്ല സ്പെല്ലുകൾ ഒഴിച്ചാൽ അദ്ദേഹത്തിൻ്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നും ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ടെലഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്റെ പ്രായവും ഒരു ഘടകമാണ്. വേഗതയുടെ കാര്യത്തിലും ദുലീപ് ട്രോഫിയിൽ അദ്ദേഹം മികച്ച ഫോമിലായിരുന്നില്ല. എന്നാൽ ഐപിഎല്ലിൽ തുടരണമെങ്കിൽ, അദ്ദേഹം ആഭ്യന്തര മത്സരങ്ങളിൽ ആവശ്യത്തിന് കളിക്കേണ്ടതുണ്ട്. - ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ഏഴ് ദിവസം മുൻപ് ഷമിയുമായി സംസാരിച്ചിരുന്നുവെന്നും രഞ്ജി ട്രോഫിയിൽ കളിക്കാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചതായും ബംഗാൾ മുഖ്യ പരിശീലകൻ ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു. അതേസമയം ഷമിയെ ബംഗാൾ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും കൃത്യമായ ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം. ശുക്ലയുമായി ചർച്ച ചെയ്ത ശേഷം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ടീമിനെ തീരുമാനിക്കുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) ഉദ്യോഗസ്ഥൻ പറഞ്ഞു.

ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ താരം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 15-ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാളിന്റെ ആദ്യ മത്സരം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കിന്റെ പിടിയിലായിരുന്നു ഷമി. 2023-ലെ ഏകദിന ലോകകപ്പിനുശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു താരം.