ബ്രിസ്‌ബെയ്ന്‍: ഒടുവില്‍ ഓസ്‌ട്രേലിയയുടെ ഗാബ കോട്ട തകര്‍ത്ത് വെസ്റ്റിന്‍ഡീസും. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ടു റണ്‍സ് ജയത്തോടെ ചരിത്രമെഴുതിയിക്കുകയാണ് വെസ്റ്റിന്‍ഡീസിന്റെ യുവനിര. 27 വര്‍ഷത്തിനു ശേഷമാണ് വിന്‍ഡീസ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലെത്തിക്കാനും വിന്‍ഡീസിനായി. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് വിജയിച്ചിരുന്നു. 1997-ല്‍ പെര്‍ത്തിലായിരുന്നു വിന്‍ഡീസിന്റെ ഓസീസ് മണ്ണിലെ അവസാന ടെസ്റ്റ് ജയം.

To advertise here,

ഏഴു വിക്കറ്റുകള്‍ വീഴ്ത്തി ആഞ്ഞടിച്ച യുവതാരം ഷമാര്‍ ജോസഫാണ് വിന്‍ഡീസിന് ആവേശജയം സമ്മാനിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ പരമ്പരയുടെ താരമാകാനും ഷമാറിനായി. ഗാബ ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ഷമാറിന് തന്നെ.

216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 207 റണ്‍സിന് വിന്‍ഡീസ് എറിഞ്ഞിട്ടു. 91 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ സ്റ്റീവ് സ്മിത്തിന് ടീമിനെ വിജയത്തിലെത്തിക്കാനാകാതെ പോയി.

സ്‌കോര്‍: വെസ്റ്റിന്‍ഡീസ് - 311/10, 193/10, ഓസ്‌ട്രേലിയ - 289/9 ഡിക്ലയേര്‍ഡ്, 207/10.

സ്മിത്തിനെ കൂടാതെ 42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 21 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആറു പേരാണ് ഓസീസ് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. ഉസ്മാന്‍ ഖവാജ (10), മാര്‍നസ് ലബുഷെയ്ന്‍ (5), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (10), അലക്‌സ് കാരി (2) എന്നിവര്‍ക്കാര്‍ക്കും തന്നെ വിന്‍ഡീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഓസീസിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തപ്പെടുന്ന ഗാബയില്‍ 2021 ജനുവരിയില്‍ അവരെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചരിത്രമെഴുതിയിരുന്നു.