ദുബായ്: ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി പാകിസ്താന്‍ താരം ഷദാബ് ഖാന്‍. കലാശപ്പോരില്‍ 23 റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി.

To advertise here,

ശ്രീലങ്കയുടെ ഇന്നിങ്‌സിനിടെ നിര്‍ണായകമായ രണ്ട് ക്യാച്ചുകള്‍ ഷദാബ് നഷ്ടപ്പെടുത്തിയിരുന്നു. അതിലൊന്ന് ഡെത്ത് ഓവറുകളില്‍ സിക്‌സറില്‍ കലാശിക്കുകയും ചെയ്തു.

ശ്രീലങ്കയുടെ ടോപ് സ്‌കോററായ ഭനുക രജപക്‌സ നല്‍കിയ രണ്ട് ക്യാച്ചുകളാണ് ഷദാബ് നഷ്ടപ്പെടുത്തിയത്. ആദ്യം ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വന്ന ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ താരത്തിന് സാധിച്ചില്ല. പിന്നാലെ 19-ാം ഓവറില്‍ ആസിഫ് അലിയുമായി കൂട്ടിയിടിച്ച് ബൗണ്ടറി ലൈനിന് അരികില്‍ മറ്റൊരു ക്യാച്ചും ഷദാബ് നഷ്ടപ്പെടുത്തി. രജപക്‌സ ഉയര്‍ത്തിയടിച്ച പന്ത് പിടിക്കാന്‍ ഡീപ് മിഡ്‌വിക്കറ്റില്‍ നിന്ന് ഷദാബും ആസിഫ് അലി ലോങ് ഓണില്‍ നിന്നും ഓടിയെത്തി. ഇരുവരും കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടപ്പെടുത്തി എന്നത് മാത്രമല്ല ഇത് സിക്‌സറില്‍ കലാശിക്കുകയും ചെയ്തു.

മത്സരം അവസാനിച്ചതിനു പിന്നാലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷദാബ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയുന്നതായി വ്യക്തമാക്കിയത്. 'ക്യാച്ചുകള്‍ മത്സരങ്ങള്‍ ജയിപ്പിക്കും. ക്ഷമിക്കണം, ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു, ഞാന്‍ എന്റെ ടീമിനെ നിരാശപ്പെടുത്തി. നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, അടക്കമുള്ള ബൗളിങ് നിര മികച്ചതായിരുന്നു. മുഹമ്മദ് റിസ്വാന്‍ ശക്തമായി പോരാടി. ടീം ഒന്നടങ്കം പരമാവധി ശ്രമിച്ചു. ശ്രീലങ്കയ്ക്ക് അഭിനന്ദനങ്ങള്‍.' - ഷദാബ് ട്വീറ്റ് ചെയ്തു.