ഗുവാഹാട്ടി: പാകിസ്താനെതിരേ അവരുടെ നാട്ടിൽ മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയെത്തിയ സ്പിൻ ഓൾറൗണ്ടർ സെനുരാൻ മുത്തുസാമിയെ കൊൽക്കത്തയിലെ സ്പിൻ പിച്ചിൽ കളിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ മാനേജ്‌മെന്റ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആദ്യടെസ്റ്റിലെ ജയത്തിന് ശേഷം ഗുവാഹാട്ടിയിലെത്തിയപ്പോൾ പേസ് ഓൾറൗണ്ടർ കോർബിൻ ബോഷിന് പകരം മുത്തുസാമിയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ അതിലൊരു പ്രതിരോധതന്ത്രവും കൂടിയുണ്ടായിരുന്നു. ടെസ്റ്റ് സമനിലയായാലും പരമ്പര കൈയിലിരിക്കും. അതിനുവേണ്ടത് ബാറ്റിങ് കരുത്താണ്. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് ബാറ്റുവീശിയ മുത്തുസാമി ടീമിന് ആധിപത്യം സമ്മാനിച്ചാണ് രണ്ടാംദിവസം കളം വിട്ടത്.
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിങ്‌സിൽ 489 റൺസ് പടുത്തുയർത്തി ദക്ഷിണാഫ്രിക്ക നില ഭദ്രമാക്കി. കന്നിസെഞ്ചുറി നേടിയ മുത്തുസാമി (109), കരിയറിലെ മികച്ച സ്കോർ കണ്ടെത്തിയ മാർക്കോ യാൻസൻ (93), കെയ്ൽ വെറാൻ (45) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലാണ്.
ഏഴാമനായി ഇറങ്ങിയ മുത്തുസാമി 206 പന്തിൽനിന്നാണ് 109 റൺസെടുത്തത്. 10 ഫോറും രണ്ട് സിക്സും ഇന്നിങ്‌സിലുണ്ട്. യാൻസൻ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. ആറ് ഫോറും ഏഴ് സിക്സും താരം നേടി.
പാകിസ്താനെതിരേ റാവൽപിണ്ടിയിൽ പുറത്താകാതെ 89 റൺസ് നേടിയ ശേഷമാണ് മുത്തുസാമി ഇന്ത്യയിലേക്കെത്തുന്നത്. ഗുവാഹാട്ടിയിലെ പിച്ച് രണ്ടാം ദിനം ബാറ്റർമാർക്ക് അനുകൂലമാകുമെന്ന പ്രവചനം മുത്തുസാമിയിലൂടെ യാഥാർഥ്യമാകുന്നത് ക്രിക്കറ്റ് ലോകം കണ്ടു. ക്ഷമയോടെ ബാറ്റ് വീശിയാണ് താരം കന്നിസെഞ്ചുറിയിലേക്ക് എത്തിയത്. ആറിന് 247 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് പുനരാരംഭിച്ചത്. ഏഴാം വിക്കറ്റിൽ മുത്തുസാമിയും വെറാനും ചേർന്ന് 237 പന്തിൽ 88 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 334 റൺസിലെത്തിയപ്പോൾ വെറാൻ വീണു. ജഡേജയുടെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. എന്നാൽ, യാൻസൻ കളത്തിലെത്തിയതോടെ കളി മാറി. ഇരുവരും ആക്രമണമൂഡിലാണ് കളിച്ചത്. 107 പന്തിൽ 97 റൺസാണ് പിന്നെ വന്നത്. ഈ കൂട്ടുകെട്ടിൽ 46 പന്ത് നേരിട്ട മുത്തുസാമി 42 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. സ്കോർ 431-ലെത്തിയപ്പോൾ മുത്തുസാമി മടങ്ങി. മുഹമ്മദ് സിറാജിന്റെ പന്തിൽ യശസ്വി ജയ്‌സ്വാൾ പിടിച്ചാണ് മടക്കം. യാൻസൻ പോരാട്ടം തുടർന്നെങ്കിലും സെഞ്ചുറിക്ക് ഏഴ് റൺസകലെ മടങ്ങി.
ആരാണ് സെനുരാൻ മുത്തുസാമി?
ഇന്ത്യക്കെതിരെ ഏഴാമനായി ഇറങ്ങി സെഞ്ചുറി നേടിയതോടെ ക്രിക്കറ്റ് ലോകത്ത് സെനുരാൻ മുത്തുസാമി വൈറലായി. താരത്തിന്റെ ഭൂതകാലവും വർത്തമാനവും ചികയുന്ന തിരക്കിലാണ് ക്രിക്കറ്റ് പ്രേമികൾ.
ഇന്ത്യൻവംശജനായ ഓൾറൗണ്ടറാണ് മുത്തുസാമി. താരത്തിന്റെ പൂർവികർ തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലുള്ളവരാണ്.
1994 ഫെബ്രുവരി 22-ന് ഡർബനിലാണ് മുത്തുസാമിയുടെ ജനനം. സ്കൂൾ ക്രിക്കറ്റിലൂടെ വളർന്ന താരം ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമിലും കളിച്ചു. 2019-ലെ ഇന്ത്യ പര്യടനത്തിലാണ് ടെസ്റ്റ് അരങ്ങേറ്റം. അന്നത്തെ ഇന്ത്യൻ ടീം നായകൻ വിരാട് കോലിയെ പുറത്താക്കിയാണ് കന്നി വിക്കറ്റ് സ്വന്തമാക്കുന്നത്. ഈവർഷം ഏകദിനത്തിലും ട്വന്റി-20 യിലും അരങ്ങേറി.
എട്ട് ടെസ്റ്റുകളാണ് ഇതുവരെ ഇടംകൈയൻ ബാറ്റർ കളിച്ചത്. 388 റൺസാണ് സമ്പാദ്യം. 22 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിനത്തിൽ അഞ്ച് കളിയിൽനിന്ന് 22 റൺസും ടി-20 ഇത്രയും കളിയിൽനിന്ന് 24 റൺസുമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5217 റൺസെടുത്തിട്ടുണ്ട്. ഇടംകൈയൻ സ്പിന്നറായ മുത്തുസാമി ഏകദിനത്തിൽ ആറും ടി-20 യിൽ അഞ്ചും വിക്കറ്റെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 277 വിക്കറ്റുകളുണ്ട്.
സെനുരാന് 11 വയസ്സുള്ളപ്പോഴാണ് അച്ഛൻ മുത്തുസാമി മരിക്കുന്നത്. തുടർന്ന് അമ്മ വാണിയാണ് മകന്റെ ക്രിക്കറ്റ് കരിയറിന് പിന്തുണ നൽകിയത്. നാഗപട്ടണത്തുള്ള കുടുംബക്കാരുമായി അടുത്തബന്ധം താരം നിലനിർത്തുന്നുണ്ട്.
Content Highlights: Senuran Muthusamy, the Indian-origin cricketer century in the Guwahati Test
Published: 24 Nov 2025, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented