മുംബൈ: കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഒരിക്കൽ കൂടി സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് സർഫറാസിനെ ഉൾപ്പെടുത്തിയത്. സായ് സുദർശനേറ്റ പരിക്ക് സർഫറാസിന് ടീമിലേക്കുള്ള വഴി തുറക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിന് അനുയോജ്യമായ ശാരീരികക്ഷമതയില്ലെന്ന വിമർശനങ്ങളെ മറികടക്കാൻ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 17 കിലോ ഭാരമാണ് സർഫറാസ് കുറച്ചത്. ഭാരക്കൂടുതലിന്റെ പേരിൽ ഏറെ പഴികേട്ട താരങ്ങളിലൊരാളാണ് സർഫറാസ്. തടിയൻ എന്ന് വിളിച്ച് പരിഹസിച്ച ചിലർ കളിക്കാൻ യോഗ്യതയില്ലാത്തവനെന്നും പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. ഒരു കളിക്കാരന്റെ പ്രകടനവും ക്രിക്കറ്റ് ഫിറ്റ്നസുമാണ് ശരീരഭാരത്തേക്കാൾ പ്രധാനമെന്ന് പറഞ്ഞുകൊണ്ട് സർഫറാസിനെ പിന്തുണച്ചവരിൽ പ്രധാനിയായിരുന്നു മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ. രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടും ശാരീരിക ഘടനയുടെ പേരിൽ തഴയപ്പെട്ട താരം, തന്റെ പുതിയ രൂപത്തിലൂടെയും മെച്ചപ്പെട്ട ടി20 പ്രകടനത്തിലൂടെയും സെലക്ടർമാരുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
'ഞാൻ ഒരുപക്ഷേ യോജിച്ചവനല്ലായിരിക്കാം, പക്ഷേ എന്റെ പക്കലുള്ളതെല്ലാം ഉപയോഗിച്ച് ഞാൻ പോരാടും' എന്ന് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത് തന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവായിരുന്നു.
മുംബൈയിലെ മഴ പരിശീലനത്തിന് തടസമായപ്പോൾ, കശ്മീരിലെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ പോയി മണിക്കൂറുകളോളം പരിശീലനം നടത്തിയാണ് സർഫറാസ് തന്റെ മികവ് വീണ്ടെടുത്തത്. കൂടാതെ, മുംബൈയിൽ ചുവന്ന മണ്ണുള്ള പിച്ചുകൾ വാടകയ്ക്കെടുത്തും ആസ്‌ട്രോ ടർഫ് വിക്കറ്റുകളിലും സ്പിൻ ബൗളിങ്ങിനെ നേരിടാൻ താരം പ്രത്യേക പരിശീലനം നടത്തി. സ്പിന്നർമാർക്കെതിരേ മികച്ച സ്വീപ്, റിവേഴ്‌സ് സ്വീപ് ഷോട്ടുകൾ കളിക്കാനുള്ള താരത്തിന്റെ മികവ് ടീമിന് മുതൽക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു.
2024-ൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായ സർഫറാസ്, ഇന്ത്യ എ ടീമിനായി ഇംഗ്ലണ്ടിൽ 92 റൺസും സെഞ്ചുറിയും നേടി തന്റെ ഫോം തെളിയിച്ചിരുന്നു. നിലവിലെ ടീമിൽ ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവർക്കൊപ്പം സ്പിന്നിനെ ഏറ്റവും നന്നായി നേരിടുന്ന താരങ്ങളിലൊരാളായാണ് സർഫറാസ് വിലയിരുത്തപ്പെടുന്നത്. സ്പിന്നർമാർക്കെതിരേ പതറുന്ന ധ്രുവ് ജുറെലിനെക്കാൾ മുൻഗണന അതുകൊണ്ടുതന്നെ സർഫറാസിന് ലഭിച്ചു.
മാസങ്ങൾക്കു മുമ്പ് ശരീരഭാരം കുറച്ച് പുതിയ ലുക്കിൽ നിൽക്കുന്ന സർഫറാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചിട്ടയായ ഡയറ്റാണ് ശരീരഭാരം കുറയ്ക്കാൻ സർഫറാസിനെ സഹായിച്ചത്. റൊട്ടി(ചപ്പാത്തി പോലുള്ള വിഭവം), ചോറ് എന്നിവയെല്ലാം കഴിക്കുന്നത് നിർത്തി. ബ്രോക്കളി, കാരറ്റ്, കക്കരി, സാലഡ്, പച്ചക്കറി സാലഡ് എന്നിവയെല്ലാമാണ് കഴിച്ചത്. അതൊടൊപ്പം ഗ്രിൽ ചെയ്ത മീനും ചിക്കനും ബോയിൽ ചെയ്ത ചിക്കനും മുട്ടയുമെല്ലാം കഴിച്ചു. അവൊക്കാഡോ, മുളപ്പിച്ച ചെറുപയർ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതോടൊപ്പം ജിമ്മിൽ ആഴ്ചയിൽ ആറ് ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വർക്കൗട്ടും ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം ജോഗിങ്. തുടർന്ന് 30 മിനിറ്റ് നീന്തൽ സെഷനും.
Content Highlights: Sarfaraz Khan lost 17 kg to meet international cricket fitness standards., Included in the Indian Test squad for the two-match series against Sri Lanka starting August 15, replacing injured Sai Sudharsan., Undertook rigorous training in Kashmir and rented red-soil pitches in Mumbai to master spin bowling., Followed a strict diet avoiding roti and rice, focusing on salads, grilled meats, and protein., Maintained a 6-day gym routine including jogging and swimming.
Published: 10 Aug 2026, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented