തിരുവനന്തപുരം: സഞ്ജു...സഞ്ജു...സഞ്ജു... തലസ്ഥാനത്തിന്റെ തെരുവുകളിലെല്ലാം ഞായറാഴ്ച രാത്രിയിൽ ക്രിക്കറ്റ് പ്രേമികൾ ആർത്തുവിളിച്ച് ആഘോഷിക്കുകയായിരുന്നു.

To advertise here,

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ തിരുവനന്തപുരവും അഭിമാനത്തിന്റെ നെറുകയിലായിരുന്നു. സ്വന്തം ലോക്കൽ ബോയ് സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് ടീം ഇന്ത്യയുടെ കിരീടവിജയം എന്നതും ക്രിക്കറ്റ് പ്രേമികൾ ആഘോഷമാക്കി.

തുടർച്ചയായ മൂന്ന് മത്സരങ്ങളിലും നിർണായക റോളിലൂടെ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചത് സ്വന്തം സഞ്ജുവാണെന്ന അഭിമാനബോധത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ആഘോഷം തുടർന്നത്.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആവേശത്തിലായിരുന്നു ഞായറാഴ്ച രാത്രി മുഴുവൻ തലസ്ഥാനവും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നേരത്തേതന്നെ ഫൈനൽ കാണാനായി ബിഗ് സ്‌ക്രീൻ പ്രദർശനമൊരുക്കിയിരുന്നു. തീരദേശത്തും പ്രത്യേകം വേദികളൊരുക്കിയാണ് ക്രിക്കറ്റ് പ്രേമികൾ ഒത്തുകൂടിയത്.

ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കത്തിൽത്തന്നെ ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനം എത്തിയതോടെ കാണികളും ആവേശഭരിതരായി.

സഞ്ജു സാംസന്റെ ഓരോ ഷോട്ടും ആരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ആർപ്പുവിളികളും ആവേശവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിൽ ഉടനീളം കാണികൾ പ്രദർശിപ്പിച്ചത്.

ആദ്യഘട്ടത്തിൽ അഭിഷേക് ശർമ്മയാണ് വമ്പനടികൾക്ക് തുടക്കമിട്ടത്. എന്നാൽ പിന്നീട് സഞ്ജു കത്തിക്കയറിയതോടെ എല്ലായിടത്തും പൂത്തിരി കത്തിച്ചാണ് ആരാധകർ പിന്തുണയറിയിച്ചത്. ഓരോ സിക്സറിനും പടക്കം പൊട്ടിച്ചും ആഘോഷമുണ്ടായിരുന്നു. ഇന്ത്യൻ സ്കോറിൽ ഓരോ ബൗണ്ടറികൾ പിറക്കുമ്പോഴും ആവേശം കൂടിക്കൂടിവന്നു. എന്നാൽ സെഞ്ചുറിക്കടുത്തുവെച്ച് തുടർച്ചയായ മൂന്നാംമത്സരത്തിലും സഞ്ജു പുറത്തായത് കാണികളിൽ നിരാശയുണ്ടാക്കി. എന്നാൽ ടീമിന്റെ വിജയത്തോടെ എല്ലാ നിരാശയും മറന്നു.

പലയിടത്തും സഞ്ജുവിന്റെ കൂറ്റൻ കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചാണ് കാണികൾ മത്സരത്തിന്റെ പ്രദർശനമൊരുക്കിയത്. തിയേറ്ററുകളിലും പ്രത്യേകം പ്രദർശനമൊരുക്കിയിരുന്നു. കുടുംബസമേതമാണ് തിയേറ്ററുകളിൽ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ ക്രിക്കറ്റ് പ്രേമികൾ എത്തിയത്. ദേശീയപതാകകൾ വീശിയും ആർപ്പുവിളിച്ചും തിയേറ്ററിനുള്ളിലും പൂരപ്പറമ്പാക്കി മാറ്റിയാണ് ഫൈനൽ കണ്ടത്.

ഇന്ത്യ കൂറ്റൻ സ്കോർ നേടിയപ്പോൾതന്നെ ആരാധകർ വിജയം ഉറപ്പിച്ചു. ആദ്യ ഓവറുകളിൽ ന്യൂസീലൻഡ് വിക്കറ്റുകൾ വീണതോടെ ആവേശംകൊണ്ട ആരാധകർ തെരുവുകളിൽ റാലിയും നടത്തി. ലോകകപ്പ് നേടിയതോടെ ഇരുചക്രവാഹനങ്ങളിൽ ദേശീയ പതാകയുമായി ആരാധകർ റാലിയും നടത്തിയിരുന്നു.