ന്യൂഡൽഹി: കളിക്കളത്തിലെ പെരുമാറ്റത്തിൽ ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി എന്നിവർക്കെതിരേ വിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. താരങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും നടപടികൾ ഒഴിവാക്കിയാൽ ഇതാവർത്തിക്കപ്പെടുമെന്നും മഞ്ജരേക്കർ എക്‌സിൽ കുറിച്ചു. അടുത്തിടെ ഇരുവരുടെയും മോശം പെരുമാറ്റം മുൻനിർത്തിയാണ് മഞ്ജരേക്കറുടെ പ്രതികരണം. അതേസമയം ജയ്‌സ്വാളിന് മാച്ച് ഫീയുടെ 25% ഐസിസി പിഴ ചുമത്തിയിട്ടുണ്ട്. "ഐസിസിയോടും ബിസിസിഐയോടും... വൈഭവ് ഇന്ത്യ എക്ക് വേണ്ടി, ഇപ്പോൾ ജയ്സ്വാളും… ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ നിങ്ങൾ വെറുതെ വിട്ടാൽ, ഭാവിയിലും ഇത് ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുകയാണ്. ഇത് കളിക്കും ഏറ്റവും പ്രധാനമായി അവരുടെ സ്വന്തം ഭാവിക്കും നല്ലതല്ല,"- മഞ്ജരേക്കർ ട്വീറ്റ് ചെയ്തു.

To advertise here,

ഇന്ത്യ-ലങ്ക ടെസ്റ്റിനിടെ ഗ്രൗണ്ടിലെ വാക്കേറ്റത്തെ തുടർന്ന് യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കൻ ബൗളർ അസിത ഫെർണാണ്ടോയ്ക്കും മാച്ച് ഫീയുടെ 25% പിഴശിക്ഷ വിധിച്ചിരുന്നു. ഒപ്പം ഇരുവർക്കും ഒരോ ഡീമെറിറ്റ് പോയിന്റും ഐസിസി ചുമത്തി. ശ്രീലങ്ക എയ്ക്കെതിരായ മത്സരത്തിനിടെ സൂപ്പർ ഓവറിൽ തോറ്റതിന് പിന്നാലെയാണ് വൈഭവ് ലങ്കൻ താരങ്ങളുമായി ഏറ്റുമുട്ടിയത്.

ടെസ്റ്റിന്റെ ഒന്നാം ദിവസം 17-ാം ഓവറിലെ അവസാന പന്തിലാണ് വാക്കേറ്റത്തിന് കാരണമായ സംഭവമുണ്ടായത്. ഈ ഓവറിൽ അസിത ഫെർണാണ്ടോയെ മൂന്നു ഫോറുകൾ അടിച്ച് അർധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു യശസ്വി. എന്നാൽ, അവസാന പന്തിൽ താരത്തിന്റെ ബെയ്ൽസ് അസിത ഇളക്കി. 45 റൺസിന് ഔട്ടായ യശസ്വി ഗ്രൗണ്ട് വിടാനൊരുങ്ങി. എന്നാൽ, ആഘോഷത്തിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ ഏതോ വാക്ക് ഇന്ത്യൻ താരത്തെ ചൊടിപ്പിക്കുകയായിരുന്നു. തിരിഞ്ഞുനടന്ന് അസിതയുമായി യശസ്വി വാക്കുതർക്കത്തിലേർപ്പെട്ടു. ഇരുവരും പരസ്പരം തല മുട്ടിക്കുകയും ചെയ്തു. ആ സമയത്ത് ലങ്കയുടെ മറ്റ് താരങ്ങൾ ഇടപെടുകയും യശസ്വിയെ പിടിച്ചുമാറ്റുകയുമായിരുന്നു.