മെൽബൺ: ക്രിക്കറ്റിൽ ഒരു ബാറ്റർ പുറത്താകുന്നതിന് പല രീതികളുണ്ട്. ബൗൾഡ്, ക്യാച്ച്, ഹിറ്റ് വിക്കറ്റ്, റണ്ണൗട്ട് തുടങ്ങി ടൈംഡ് ഔട്ട് വരെ നാം കളിക്കളത്തിൽ കണ്ടിട്ടുണ്ട്. എന്നാൽ ആദ്യ പന്ത് പോലും നേരിടുന്നതിനു മുമ്പ് ഒരു ബാറ്റർ ബൗൾഡ് ആയി പുറത്തായാലോ? വനിതാ ബിഗ് ബാഷ് ലീഗിലാണ് (ഡബ്ല്യുബിബിഎൽ) ഇത്തരമൊരു അതിവിചിത്രമായ പുറത്താകൽ നടന്നത്.

To advertise here,

മെൽബൺ റെനഗേഡ്‌സും ബ്രിസ്‌ബേൻ ഹിറ്റും തമ്മിൽ ബുധനാഴ്ച നടന്ന മത്സരത്തിലായിരുന്നു ഈ അപൂർവമായ പുറത്താകൽ. മെൽബൺ റെനഗേഡ്‌സിന്റെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാൻഡ്ര ഡോട്ടിനാണ് ഇത്തരത്തിൽ ഒരു പന്തുപോലും നേരിടാതെ പുറത്തായത്.

ക്രീസിലെത്താൻ നിശ്ചിത സമയം വൈകിയതാണ് ഡോട്ടിന് തിരിച്ചടിയായത്. ഒരു വിക്കറ്റ് വീണാൽ അടുത്ത ബാറ്റർ 75 സെക്കൻഡിനുള്ളിൽ പന്ത് നേരിടാൻ സജ്ജയാകണമെന്നാണ് ഡബ്ല്യുബിബിഎല്ലിലെ നിയമം. ഈ സമയപരിധി ലംഘിച്ചതോടെ 'ടൈംഡ് ഔട്ട്' നിയമത്തിന്റെ ഭാഗമായി ഡോട്ടിന് ലെഗ് സൈഡിലെ സ്റ്റമ്പ് ലൈനിൽ നിന്ന് അഞ്ച് മീറ്ററിലധികം മാറി നിൽക്കേണ്ടി വന്നു. തുടർന്ന് ബ്രിസ്‌ബേൻ ഹിറ്റിന്റെ ലെഗ് സ്പിന്നർ സാറ ഗ്ലെൻ ആളൊഴിഞ്ഞ സ്റ്റമ്പിലേക്ക് പന്തെറിയുകയും ബൗൾഡ് ആക്കുകയുമായിരുന്നു. പണ്ട് ടി20 ക്രിക്കറ്റിൽ നിലവിലുണ്ടായിരുന്ന 'ബോൾ ഔട്ട്' പോലെയാണിത്.

ഒരു പന്ത് പോലും നേരിടാൻ അവസരം ലഭിക്കുന്നതിന് മുൻപാണ് ഡോട്ടിൻ വിക്കറ്റ് നഷ്ടമായി മടങ്ങിയത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് 75 സെക്കൻഡ് സമയപരിധിയുമായി ബന്ധപ്പെട്ട പ്രത്യേക നിയമപ്രകാരം ഒരു താരം പുറത്താകുന്നത്.

മെൽബൺ റെനഗേഡ്‌സ് 138 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 15-ാം ഓവറിലായിരുന്നു ഈ സംഭവം. ടീമിന് തുടരെ വിക്കറ്റുകൾ നഷ്ടമായ സാഹചര്യത്തിൽ ഏഴാം നമ്പറിലാണ് ഡോട്ടിൻ ബാറ്റ് ചെയ്യാനെത്തിയത്. എന്നാൽ ക്രീസിലെത്തി ബാറ്റിങ് ഗ്ലൗസുകൾ ധരിച്ച് സജ്ജയാകാൻ താരം അനുവദിച്ച 75 സെക്കൻഡിൽ കൂടുതൽ സമയമെടുത്തു.

ഇതോടെയാണ് ഡബ്ല്യുബിബിഎല്ലിലെ ഫ്രീ ബോൾ നിയമം ഇവിടെ പ്രയോഗത്തിൽ വന്നത്. അമ്പയർമാർ ഇടപെട്ട് നിയമപ്രകാരം ലെഗ് സൈഡിലേക്ക് പിച്ചിന് പുറത്ത് കുറഞ്ഞത് അഞ്ച് മീറ്റർ മാറിനിൽക്കാൻ ഡോട്ടിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഒഴിഞ്ഞ സ്റ്റമ്പിലേക്ക് പന്തെറിയാൻ ബ്രിസ്‌ബേൺ ഹീറ്റിന്റെ ഇംഗ്ലണ്ട് ലെഗ് സ്പിന്നർ സാറ ഗ്ലെന്നിന് അമ്പയർമാർ അവസരം നൽകുന്നത്. ഗ്ലെൻ എറിഞ്ഞ പന്ത് കൃത്യമായി വിക്കറ്റിൽ കൊള്ളുകയും ഡോട്ടിൻ 'ബൗൾഡ്' ആയി പുറത്താകുകയും ചെയ്തു.

എന്താണ് ഈ വിചിത്ര നിയമം?

-ഡബ്ല്യുബിബിഎൽ നിയമാവലിയിലെ 40-ാം വകുപ്പ് പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്.

-ഒരു ബാറ്റർ പുറത്താകുകയോ റിട്ടയർ ചെയ്യുകയോ ചെയ്താൽ അടുത്ത ബാറ്റർ 75 സെക്കൻഡിനുള്ളിൽ പന്ത് നേരിടാൻ തയാറാകണം.

-ബാറ്റർ വൈകിയാൽ പിച്ചിന് പുറത്ത് മാറിനിൽക്കേണ്ടി വരും (വകുപ്പ് 40.3).

-ഈ സമയത്ത് ബൗളർക്ക് ഒഴിഞ്ഞ വിക്കറ്റിലേക്ക് പന്തെറിയാം (വകുപ്പ് 40.4).

-ബൗളർ വിക്കറ്റ് തകർത്താൽ ബാറ്റർ 'ബൗൾഡ്' ആയി പുറത്താകും. ലക്ഷ്യം തെറ്റിയാൽ അത് ഡോട്ട് ബോളായി കണക്കാക്കും.

2021-22 സീസണിലാണ് ഈ നിയമം ബിഗ് ബാഷിൽ കൊണ്ടുവന്നതെങ്കിലും ഇതാദ്യമായാണ് ഒരു മത്സരത്തിൽ നടപ്പിലാക്കുന്നത്. 2023 ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ് 'ടൈംഡ് ഔട്ട്' ആയ സംഭവത്തെ ഇത് ഓർമിപ്പിച്ചെങ്കിലും, ബിഗ് ബാഷിലെ നിയമത്തിൽ ബൗളർക്ക് നേരിട്ട് വിക്കറ്റിലേക്ക് എറിഞ്ഞ് ബൗൾഡ് ആക്കാൻ അവസരം ലഭിക്കുന്നു എന്ന വ്യത്യാസമുണ്ട്.