ന്യൂഡല്‍ഹി: അന്തരിച്ച ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ ഓര്‍ത്ത് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

To advertise here,

കളിക്കളത്തില്‍ കടുത്ത എതിരാളികളും കളത്തിനു പുറത്ത് അടുത്ത ആത്മബന്ധം സൂക്ഷിച്ചവരുമായിരുന്നു ഇരുവരും.

' വോണി, ജന്മദിനത്തില്‍ നിന്ന് ഓര്‍ക്കുന്നു. നീ പോയത് വളരെ നേരത്തെയായി. നിന്നോടൊപ്പം അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങളുണ്ടായിരുന്നു. അവ എന്നെന്നും ഞാന്‍ ഓര്‍ക്കും സുഹൃത്തേ.' - സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഒരു കാലത്ത് ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടങ്ങള്‍ സച്ചിനും വോണും തമ്മിലുള്ള പോരാട്ടങ്ങള്‍ എന്ന തലത്തിലേക്ക് വരെ വളര്‍ന്നിരുന്നു. 1998-ല്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനിടെ പിച്ചിലെ ഇരുവരുടെയും പോരാട്ടങ്ങള്‍ ക്രിക്കറ്റിലെ നാടോടിക്കഥകളുടെ ഭാഗമാണ്.

ഈ വര്‍ഷം മാര്‍ച്ച് നാലിന് തായ്‌ലന്‍ഡില്‍വെച്ചായിരുന്നു 52-കാരനായിരുന്ന വോണിന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. താരത്തെ അദ്ദേഹം താമസിച്ചിരുന്ന തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ സ്റ്റാഫ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വോണിന്റേത് സ്വാഭാവിക മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വോണിന്റെ മരണത്തില്‍ ദുരൂഹതകളൊന്നും ഇല്ലെന്നും തായ്ലന്‍ഡ് പോലീസ് വ്യക്തമാക്കിയിരുന്നു.