ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ മൈതാനത്ത് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ്. എട്ടു വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ചെന്നൈ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ ഗുജറാത്ത് മറികടന്നു.

To advertise here,

46 പന്തിൽ നിന്ന് 87 റൺസെടുത്ത ഓപ്പണർ സായ് സുദർശന്റെ ഇന്നിങ്‌സാണ് ഗുജറാത്തിന് അനായാസ ജയമൊരുക്കിയത്. ഏഴ് സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഓപ്പണിങ് വിക്കറ്റിൽ സായ് - ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സഖ്യം 39 പന്തിൽ നിന്ന് 58 റൺസ് ചേർത്തപ്പോൾ തന്നെ മത്സരഫലം വ്യക്തമായിരുന്നു. 23 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 33 റൺസെടുത്ത ഗില്ലിനെ സഞ്ജു സാംസൺ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

തുടർന്നെത്തിയ ജോസ് ബട്ട്‌ലറുമൊത്ത് രണ്ടാം വിക്കറ്റിൽ സായ് 60 പന്തിൽ 97 റൺസിൻരെ കൂട്ടുകെട്ടുണ്ടാക്കി ഗുജറാത്തിന്റെ വിജയം ഉറപ്പിച്ചു. 17-ാം ഓവറിൽ സായ് മടങ്ങിയെങ്കിലും അതേ ഓവറിൽ തന്നെ ബട്ട്‌ലറും വാഷിങ്ടൺ സുന്ദറും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ബട്ട്‌ലർ 30 പന്തിൽ നിന്ന് 39 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങാനായത്. 60 പന്തുകൾ നേരിട്ട ഋതുരാജ് നാല് സിക്സും ആറ് ഫോറുമടക്കം 74 റൺസോടെ പുറത്താകാതെ നിന്നു. അവസാന ഓവറിൽ 15 റൺസെടുത്ത ഋതുരാജാണ് ചെന്നൈ സ്‌കോർ 158-ൽ എത്തിച്ചത്.

ബാറ്റിങ് ദുഷ്‌കരമെന്ന് തോന്നിച്ച പിച്ചിൽ സഞ്ജു സാംസൺ അടക്കമുള്ള ചെന്നൈ ബാറ്റർമാർ പതറി. 15 പന്തിൽ നിന്ന് 11 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പിന്നാലെ ഉർവിൽ പട്ടേൽ (4), സർഫറാസ് ഖാൻ (0), ഡെവാൾഡ് ബ്രെവിസ് (2) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ 8.2 ഓവറിൽ നാലിന് 37 റൺസെന്ന നിലയിലേക്ക് ചെന്നൈ വീണു.

എന്നാൽ, അഞ്ചാം വിക്കറ്റിൽ 43 പന്തിൽനിന്ന് 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഋതുരാജ്-ശിവം ദുബെ സഖ്യമാണ് ചെന്നൈയെ വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 17 പന്തിൽനിന്ന് 22 റൺസെടുത്ത ദുബെയും ഒമ്പത് പന്തിൽ 15 റൺസെടുത്ത കാർത്തിക് ശർമയും ആറു പന്തിൽനിന്ന് 18 റൺസെടുത്ത ജാമി ഓവർട്ടണും അവസാന ഓവറുകളിൽ കാഴ്ചവെച്ച പ്രകടനമാണ് സ്‌കോർ 150 കടത്തിയത്. ഗുജറാത്തിനായി കാഗിസോ റബാദ മൂന്നും അർഷാദ് ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.