ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേരില്‍ ചെറുതായി മാറ്റം വരുത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന പേരിലായിരിക്കും ഇനി ടീം അറിയപ്പെടുക. 2024 ഐ.പി.എല്‍. ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കേയാണ് പേരുമാറ്റം. പേരുമാറ്റം കൂടാതെ ടീമിന്റെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്. 

To advertise here,

പേരുമാറ്റ പ്രഖ്യാപനച്ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ബാറ്റിങ് താരം വിരാട് കോലി, വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ ദിവസം അവസാനിച്ച വനിതാ പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂരായിരുന്നു കിരീടം ചൂടിയത്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പരാജയപ്പെടുത്തിയത്. 

ടീമിന്റെ പേരുമാറ്റം അറിയിച്ചുകൊണ്ടും പുതിയ ലോഗോയുടെ ചിത്രം പങ്കുവെച്ചുകൊണ്ടും റോയല്‍ ചലഞ്ചേഴ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചു: 'ഞങ്ങള്‍ ഇഷ്ടപ്പെടുന്ന നഗരം, ഞങ്ങള്‍ പുണരുന്ന പൈതൃകം, ഇത് പുതിയ അധ്യായത്തിനുള്ള സമയം... നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു, നിങ്ങളുടെ ടീം, നിങ്ങളുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ആര്‍.സി.ബി.'

വനിതാ പ്രീമിയര്‍ ലീഗ് കന്നിക്കിരീടം നേടിയ ടീമിന് പുരുഷ ടീം അഭിനന്ദനങ്ങള്‍ നേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ വൈറലാണ്.