ക്രിക്കറ്റില്‍ എപ്പോഴും എല്ലാവര്‍ക്കും നല്ല കാലമായിരിക്കില്ല. അതില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടാകും. മികച്ച ഫോമില്‍ നിന്ന് മോശം പ്രകടനത്തിലേക്ക് കൂപ്പുകുത്തുന്നത് പെട്ടെന്നായിരിക്കും. ഒരു അര്‍ധ സെഞ്ചുറിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധി ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിരുകടന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരവുമായ വിരാട് കോലി ഇത്തരം പ്രതിസന്ധി ഘട്ടത്തിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ട്. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ വരെ കോലിയുടെ മോശം ഫോമിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട്.

To advertise here,

എന്നാല്‍ പ്രതീക്ഷയെ ഒരിക്കലും കോലി കൈവിടാറില്ല. ഇപ്പോഴിതാ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കോലി സെഞ്ചുറി കണ്ടെത്തിയിരിക്കുന്നു. 63 പന്തില്‍ 100 റണ്‍സ്. ഐപിഎല്ലില്‍ താരത്തിന്റെ ആറാം സെഞ്ചുറി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ റെക്കോഡ് ക്രിസ് ഗെയ്‌ലിനൊപ്പം പങ്കിടുകയും ചെയ്തു.

18 ആണ് കോലിയുടെ ജഴ്‌സി നമ്പര്‍. ഇന്ത്യന്‍ കുപ്പായത്തിലും ആര്‍സിബിയുടെ കുപ്പാത്തിലും ഇതു തന്നെയാണ് നമ്പര്‍. ഈ നമ്പറും കോലിയും തമ്മില്‍ വാക്കുകള്‍ക്ക് അപ്പുറമുള്ള ഒരു അടുപ്പമുണ്ട്. ഒരു കോസ്മിക് കണക്ഷന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിയാ മത്സരശേഷം കോലി അതിനെ കുറിച്ച് മനസ്സുതുറന്നു.

'അണ്ടര്‍-19 ലോകകപ്പിന്റെ സമയത്താണ് എനിക്ക് ആദ്യമായി പതിനെട്ടാം നമ്പര്‍ ജഴ്‌സി ലഭിക്കുന്നത്. അന്ന് എന്നെ സംബന്ധിച്ച് അത് ഒരു സാധാരണ നമ്പറായിരുന്നു. എന്നാല്‍ പിന്നീട് അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഖ്യയായി മാറി. ഞാന്‍ ആദ്യമായി രാജ്യത്തിനായി അരങ്ങേറിയത് ഒരു ഓഗസ്റ്റ് 18-ന് ആയിരുന്നു, അതു മാത്രമല്ല, എന്റെ അച്ഛന്‍ പ്രേം കോലി മരിച്ചത് ഒരു ഡിസംബര്‍ 18-ന് ആണ്. എന്റെ ജീവിതത്തിലെ നിര്‍ണായകമായ രണ്ടു കാര്യങ്ങള്‍ സംഭവിച്ച ദിവസം. ഈ നമ്പറുമായി ഒരു കോസ്മിക് കണക്ഷന്‍ ഉണ്ടെന്ന് എനിക്ക് അപ്പോള്‍ തോന്നി'-സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വീഡിയോയില്‍ താരം പറയുന്നു.

തന്റെ ജഴ്‌സിയിട്ട് ആരാധകരെ ഗാലറിയില്‍ കാണുമ്പോള്‍ അത് സ്വപ്‌നം പോലെ തോന്നുമെന്നും കോലി പറയുന്നു. 'കുട്ടിക്കാലത്ത് എന്റെ ഹീറോകളുടെ ജഴ്‌സി ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് എന്റെ ജഴ്‌സി ആളുകള്‍ ധരിച്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് സ്വപ്‌നം പോലെ തോന്നുന്നത്. എല്ലാം ദൈവം നല്‍കിയ അവസരമായിട്ടാണ് കാണുന്നത്. അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു.' കോലി വീഡിയോയില്‍ പറയുന്നു.