ന്യൂഡൽഹി: ഓസീസ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. മുതിർന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും തിരിച്ചുവരവാണ് പരമ്പരയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മാത്രമല്ല, രോഹിത്തിന് പകരം ശുഭ്മാൻ ഗില്ലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. പരമ്പരയ്ക്ക് മുന്നോടിയായി ഗില്ലിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. കോലിയും രോഹിത്തും പക്വതയോടെയാണ് കാര്യങ്ങളെ സമീപിക്കാറുള്ളതെന്നും താരങ്ങളെ നിയന്ത്രിക്കാൻ ഗിൽ അധികം ഊർജം ചെലവഴിക്കേണ്ടതില്ലെന്നും പാർഥിവ് പറഞ്ഞു.
“വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സ്വഭാവം വെച്ച് അതൊരു പ്രശ്നമാകുമെന്ന് ഞാൻ കരുതുന്നില്ല. വിരാടിനെ നോക്കൂ, എംഎസ് ധോനി കളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹം ക്യാപ്റ്റനായി. ഒരു പുതിയ ക്യാപ്റ്റനെ വാർത്തെടുക്കുന്നതിൽ ഒരു സീനിയർ താരം വഹിക്കുന്ന പങ്ക് എന്താണെന്ന് അദ്ദേഹത്തിനറിയാം.”- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പാർഥിവ് പറഞ്ഞു.
"രോഹിത് ക്യാപ്റ്റനായപ്പോഴും ഇതേ അവസ്ഥയായിരുന്നു. വിരാട് അദ്ദേഹത്തിന്റെ സീനിയറായിരുന്നില്ല, എന്നിരുന്നാലും ഒരു മുൻ ക്യാപ്റ്റനായിരുന്നു. അവർ ആ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ നല്ലതിന് വേണ്ടിയുള്ള ആ തീരുമാനം അവർ മനസ്സിലാക്കുന്നു. ഇരുവരും എപ്പോഴും പക്വതയോടെയാണ് പെരുമാറുന്നത്. ഈ മുതിർന്ന കളിക്കാരെ കൈകാര്യം ചെയ്യുന്നതിൽ ശുഭ്മാൻ തന്റെ ഊർജം ചെലവഴിക്കേണ്ടതില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോലിയും രോഹിത്തും വിജയ് ഹസാരെ ട്രോഫി കളിക്കണമെന്നും പാർഥിവ് പട്ടേൽ പറഞ്ഞു. ' കോലിയെയും രോഹിത്തിനെയും വിജയ് ഹസാരെ കളിപ്പിച്ചു' എന്നുകാണിക്കുന്നതിനല്ല അത്. അങ്ങനെയല്ല ഞാൻ ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. ഹസാരെ ട്രോഫി കളിക്കുന്നത് അവരുടെ കളി മെച്ചപ്പെടുത്താൻ സഹായിക്കും. അത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഗുണകരമാകും. - പാർഥിവ് കൂട്ടിച്ചേർത്തു.
Content Highlights: rohit kohli playing under gill parthiv patel response
Published: 14 Oct 2025, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented