മകൻ ലോകമറിയുന്ന ക്രിക്കറ്റ് താരമായി മാറിയിട്ടും അലിഗഢിലെ തെരുവുകളിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നത് തുടർന്നയാളായിരുന്നു അച്ഛൻ ഖൻചന്ദ് സിങ്. ഒരു വർഷം മുമ്പ് കാൻസർ സ്ഥിരീകരിക്കുന്നതുവരെ ഖൻചന്ദ് ആ ജോലി തുടർന്നിരുന്നു. റിങ്കുവിന്റെ കരിയറിൽ പ്രധാന പങ്കുവഹിച്ചയാളും പിതാവു തന്നെ. തുടക്കത്തിൽ റിങ്കുവിന്റെ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തിന് എതിരായിരുന്നെങ്കിലും എൽപിജി സിലിണ്ടർ വിതരണക്കാരനായിരുന്ന അദ്ദേഹം പിന്നീട് കടുത്ത സാമ്പത്തിക പരിമിതികൾക്കിടെയാണ് അവന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ട കാര്യങ്ങൾ ചെയ്തിരുന്നത്. ആ സ്‌നേഹത്തണലാണ് ഒരു നിർണായക ടൂർണമെന്റിനിടെ റിങ്കുവിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. കാൻസർ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ യാതാർഥ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു റിങ്കുവിന്റെ പിതാവ് ഖൻചന്ദ് സിങ്ങിന്റെ അന്ത്യം.

To advertise here,

റിങ്കു ഇന്ത്യൻ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായതിനു പിന്നാലെയാണ് അലിഗഢിൽ ഒരു ട്രക്കിലേക്ക് എൽപിജി സിലിണ്ടറുകൾ എടുത്തുവയ്ക്കുന്ന ഖൻചന്ദ് സിങ്ങിന്റെ വീഡിയോ വൈറലായത്. പിതാവിനോട് ജോലിയുപേക്ഷിച്ച് വിശ്രമിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെന്ന് റിങ്കുതന്നെ പലതവണ പറഞ്ഞിട്ടുണ്ട്.

മുമ്പ് അച്ഛനും സഹോദരങ്ങൾക്കുമൊപ്പം റിങ്കുവും വീടുകൾതോറും ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചുനൽകിയിരുന്നു. അലിഗഢിലെ വളരെ സാധാരണ കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. ഖൻചന്ദിന്റെ അഞ്ചുമക്കളിൽ മൂന്നാമനായിരുന്നു റിങ്കു. ക്രിക്കറ്റ് ഇഷ്ടപ്പെട്ടിരുന്ന റിങ്കുവിന്റെ സ്വപ്‌നങ്ങളോട് ആദ്യം പിതാവിന് യോജിക്കാനായിരുന്നില്ല. കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാൻ റിങ്കുവിനെ ജോലിക്കാരനാക്കണം എന്നതായിരുന്നു ഖൻചന്ദിന്റെ ആഗ്രഹം. എന്നാൽ പിന്നീട് അദ്ദേഹം മകന്റെ സ്വപ്‌നത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു.

പഠിക്കുന്നതിനൊപ്പം തന്നെ അച്ഛനെ സഹായിക്കാനും റിങ്കു ശ്രദ്ധിച്ചിരുന്നു. സിലിണ്ടറുകൾ ബൈക്കിൽ വെച്ച് റിങ്കു വീടുകളിലും ഹോട്ടലുകളിലുമെത്തിച്ചു ഒപ്പം ക്രിക്കറ്റ് പരിശീലനവും കൊണ്ടുപോയി. 2021-ൽ റിങ്കുവിന് പരിക്കേറ്റപ്പോൾ അച്ഛൻ മകന്റെ ആരോഗ്യത്തിനുവേണ്ടി മൂന്നുദിവസമാണ് ഉപവാസമിരുന്നത്. റിങ്കുവിന്റെ ഉയർച്ചയിൽ ഏറെ അഭിമാനിക്കുന്നുവെന്ന് ഖൻചന്ദ് പറഞ്ഞിരുന്നു. മകന്റെ കഴിവിനെ ആദ്യം വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാതിരുന്നതിൽ ഇപ്പോൾ കുറ്റബോധം തോന്നുണ്ടെന്നും തുറന്നുപറഞ്ഞിരുന്നു ആ പിതാവ്.

ഒടുവിൽ കുടുംബത്തിനൊപ്പം ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന നഗരത്തിൽ തന്നെ പിന്നീട് റിങ്കു ഒരു ആഡംബര ബംഗ്ലാവും സ്വന്തമാക്കിയിരുന്നു. ഉത്തർപ്രദേശ് അലിഗഢിലെ ഓസോൺ സിറ്റിയിൽ ഗോൾഡൻ എസ്റ്റേറ്റിലായിരുന്നു പിതാവിന്റെ ആഗ്രഹം പോലെ 3.5 കോടി രൂപയ്ക്ക് റിങ്കു ഒരു ബംഗ്ലാവ് സ്വന്തമാക്കിയത്. ഒടുവിൽ മകൻ തന്റെ ബാറ്റിങ് മികവ് കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കുന്നതു കണ്ടാണ് ഖൻചന്ദ് വിടവാങ്ങൽ.