ധരംശാല: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ഫൈനൽ ടിക്കറ്റെടുത്തത്. 92 റൺസിനാണ് ജയം. ബെംഗളൂരു ഉയർത്തിയ 255 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ 162 റൺസിന് പുറത്തായി. ബെംഗളൂരുവിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ വിരാട് കോലി, ക്രുണാൽ പാണ്ഡ്യ, രജത് പാട്ടിദാർ എന്നിവരുടെ ഇന്നിങ്‌സുകളാണ് ബെംഗളൂരുവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പാട്ടിദാർ(93) അർധസെഞ്ചുറിയോടെ തിളങ്ങി. തോറ്റെങ്കിലും ഗുജറാത്തിന് ഇനിയും അവസരമുണ്ട്. എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഗുജറാത്ത് ക്വാളിഫയർ 2 ൽ ഏറ്റുമുട്ടും. അതിൽ ജയിക്കുന്നവരാണ് കലാശപ്പോരിൽ ബെംഗളൂരുവിന്റെ എതിരാളികൾ. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് എലിമിനേറ്റർ മത്സരം.
ആർസിബിക്കെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാർ നിലയുറപ്പിക്കാനാവാതെ മടങ്ങി. മൂന്നാം ഓവറിൽ സായ് സുദർശന്റെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. താരം ഒൻപത് പന്തിൽ 14 റൺസെടുത്തു. പിന്നാലെ നായകൻ ശുഭ്മാൻ ഗിൽ വെറും രണ്ട് റൺസ് മാത്രമെടുത്ത് കൂടാരം കയറി. പിന്നീട് അടിച്ചുകളിച്ച ജോസ് ബട്ട്‌ലർ ടീമിന് പ്രതീക്ഷ നൽകി. എന്നാൽ ടീമിനെ അമ്പത് കടത്തിയതിന് പിന്നാലെ ബട്ട്‌ലറും മടങ്ങി. 11 പന്തിൽ 29 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ചോവറിൽ 51-3 എന്ന നിലയിലായിരുന്നു ഗുജറാത്ത്.
റാസിഖ് സലാം ദാർ എറിഞ്ഞ ആറാം ഓവറിൽ ഗുജറാത്ത് അക്ഷരാർഥത്തിൽ ഞെട്ടി. രണ്ട് വിക്കറ്റ് വീണ ഓവറിൽ ഗുജറാത്തിന് ഒരു റൺ പോലും നേടാനായില്ല. നിഷാന്ത് സിന്ധു(5), ജേസൺ ഹോൾഡർ(0) എന്നിവരാണ് പുറത്തായത്. പിന്നീട് ആർക്കും പിടിച്ചുനിൽക്കാനായില്ല. വാഷിങ്ടൺ സുന്ദർ(8), റാഷിദ് ഖാൻ(8), കഗിസോ റബാദ(9) എന്നിവരും നിരാശപ്പെടുത്തി. ഗുജറാത്തിനായി രാഹുൽ തെവാട്ടിയയാണ് അൽപ്പമെങ്കിലും പൊരുതിയത്. താരം അർധസെഞ്ചുറിയോടെ തിളങ്ങി. 43 പന്തിൽ 68 റൺസെടുത്താണ് തെവാട്ടിയ പുറത്തായത്. ഒടുക്കം 162 റൺസിന് ടീം ഓൾഔട്ടായി.
നേരത്തേ ആദ്യം ബാറ്റുചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റേത് മികച്ച തുടക്കമായിരുന്നു. ആദ്യ ഓവറുകളിൽ തകർത്തടിച്ച വെങ്കടേഷ് അയ്യർ ഏഴ് പന്തിൽ നിന്ന് 19 റൺസെടുത്ത് പുറത്തായി. പിന്നാലെ രണ്ടാം വിക്കറ്റിൽ വിരാട് കോലിയും ദേവദത്ത് പടിക്കലും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആർസിബി സ്‌കോർ കുതിച്ചു. നാലാം ഓവറിൽ 18 റൺസും ആറാം ഓവറിൽ 14 റൺസും പിറന്നതോടെ പവർപ്ലേയിൽ ടീം 76 ലെത്തി. ഇരുവരും മാറിമാറി ഗുജറാത്ത് ബൗളർമാരെ പ്രഹരിച്ചു.
പവർപ്ലേയ്ക്ക് ശേഷവും ഗുജറാത്ത് ബൗളർമാർക്ക് പിടികൊടുക്കാതെ കോലിയും പടിക്കലും വെടിക്കെട്ട് തുടരുന്നതാണ് മൈതാനത്ത് കണ്ടത്. എന്നാൽ, ഒൻപതാം ഓവറിൽ കോലിയെ പുറത്താക്കി ജേസൺ ഹോൾഡർ ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകി. 25 പന്തിൽ നിന്ന് 43 റൺസെടുത്താണ് കോലി മടങ്ങിയത്. ഓവറിലെ നാലാം പന്തിൽ പടിക്കലിനെയും മടക്കി ഹോൾഡർ കത്തിക്കയറി. 19 പന്തിൽനിന്ന് 30 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഒൻപതോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലായിരുന്നു ആർസിബി.
നാലാം വിക്കറ്റിൽ ഒന്നിച്ച നായകൻ രജത് പാട്ടിദാറും ക്രുണാൽ പാണ്ഡ്യയും പതിയെ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 14 ഓവറിൽ ബെംഗളൂരു സ്‌കോർ 140 റൺസായിരുന്നു. എന്നാൽ, കുൽവന്ത് എറിഞ്ഞ 15-ാം ഓവറിൽ പാട്ടിദാറും പാണ്ഡ്യയും വെടിക്കെട്ട് നടത്തി. രണ്ട് നോബോളുകൾ പിറന്ന ഓവറിൽ നാല് ഫോറും ഒരു സിക്‌സറുമടക്കം 28 റൺസാണ് ആർസിബി നേടിയത്. 16-ാം ഓവറിലും 21 റൺസ് പിറന്നു. 17-ാം ഓവറിൽ ക്രുണാൽ പാണ്ഡ്യ പുറത്തായെങ്കിലും പാട്ടിദാർ ടീമിനെ 200 കടത്തി. 28 പന്തിൽനിന്ന് 43 റൺസാണ് പാണ്ഡ്യയുടെ സമ്പാദ്യം. ടിം ഡേവിഡ് നാല് റൺസ് മാത്രമെടുത്ത് പുറത്തായി.
അവസാന ഓവറുകളിലും അടി തുടർന്ന പാട്ടിദാറും ജിതേഷ് ശർമയും ടീമിനെ 250 കടത്തി. പാട്ടിദാർ 33 പന്തിൽനിന്ന് 93 റൺസെടുത്ത് പുറത്താവാതെനിന്നു. അഞ്ചുഫോറുകളും ഒൻപത് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ജിതേഷ് ശർമ അഞ്ചുപന്തിൽ നിന്ന് 15 റൺസെടുത്തു. ഗുജറാത്തിനായി കാഗിസൊ റബാദയും ജേസൺ ഹോൾഡറും രണ്ട് വീതം വിക്കറ്റെടുത്തു.
Content Highlights: Royal Challengers Bengaluru vs Gujarat Titans, Qualifier 1, Indian Premier League 2026
Published: 26 May 2026, 11:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented