പുണെ: രഞ്ജ് ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് തകര്‍ച്ച. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളം ഒന്നാമിന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ്. കശ്മീരിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിന് ഇനിയും 80 റണ്‍സ് വേണം. 75 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സല്‍മാന്‍ നിസാറിലാണ് കേരളത്തിന്റെ പ്രതീക്ഷ.
എം.ഡി നിധീഷിന്റെ ബൗളിങ് മികവില്‍ കശ്മീരിനെ 280 റണ്‍സിന് ഒതുക്കി കളിക്കാനിറങ്ങിയ കേരളത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ട് പേരെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ പുറത്തായപ്പോള്‍ ആ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറും ക്രീസ് വിട്ടു. ആഖിബ് നബിക്കാണ് വിക്കറ്റുകള്‍.
പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ബേബിക്കും അധികം ആയുസുണ്ടായില്ല. 15 പന്തില്‍ രണ്ട് റണ്‍സെടുത്ത സച്ചിനേയും ആഖിബ് തിരിച്ചയച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് 11 റണ്‍സ് എന്ന നിലയിലായി കേരളം. പിന്നീട് നാലാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും ഒന്നിക്കുകയായിരുന്നു. ഇരുവരും 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ കര കയറ്റി. 78 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 67 റണ്‍സെടുത്ത സക്‌സേനയെ ആഖിബ്, ഉമര്‍ നസീറിന്റെ കൈയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ അക്ഷയ് ചന്ദ്രന്റെ പ്രതിരോധവും അവസാനിച്ചു. 124 പന്തുകള്‍ നേരിട്ട് 29 റണ്‍സെടുത്ത അക്ഷയിയെ സാഹില്‍ ലോത്ര പുറത്താക്കി. മുഹമ്മദ് അസ്ഹറുദ്ദീനും അധികം ആയുസുണ്ടായില്ല. 15 പന്തില്‍ 15 റണ്‍സായിരുന്നു സമ്പാദ്യം. 11 പന്തുകള്‍ നേരിട്ട് ഒരു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്ത ആദിത്യ സര്‍വാതേയും വേഗത്തില്‍ ക്രീസ് വിട്ടു.
പിന്നീട് നിധീഷിനെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ ഇന്നിങ്‌സ് നയിച്ചു. ഇരുവരും എട്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 36 പന്തില്‍ 30 റണ്‍സെടുത്ത നിധീഷിനെ പുറത്താക്കി സാഹില്‍ ലോത്ര ഈ കൂട്ടുകെട്ടും പൊളിച്ചു. രണ്ടാം ദിനത്തിലെ അവസാന പന്തില്‍ എന്‍.ബേസിലും പുറത്തായി. സല്‍മാന്‍ നിസാറിനൊപ്പം ബേസില്‍ തമ്പിയാണ് ക്രീസിലുള്ളത്.
19 ഓവറില്‍ 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആഖിബ് നബിയാണ് കേരളത്തെ ഒതുക്കിയത്. യുദ്ധ്‌വീര്‍ സിങ്ങും സാഹില്‍ ലോത്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ എട്ടു വിക്കറ്റിന് 228 റണ്‍സ് എന്ന നിലയിലാണ് കശ്മീര്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. 52 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ബാക്കി രണ്ട് വിക്കറ്റുകള്‍ കൂടി കശ്മീരിന് നഷ്ടമായി. 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്‌വീറാണ് ആദ്യം പുറത്തായത്. എം.ഡി നിധീഷിനാണ് വിക്കറ്റ്. പിന്നാലെ 30 പന്തില്‍ 32 റണ്‍സെടുത്ത ആഖിബ് നബിയെ ആദിത്യയും പുറത്താക്കി. 19 പന്തില്‍ 14 റണ്‍സോടെ ഉമര്‍ നാസിര്‍ മിര്‍ പുറത്താകാതെ നിന്നു.
കേരളത്തിനായി എം.ഡി നിധീഷ് 27 ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തി. ആദിത്യ രണ്ട് വിക്കറ്റെടുത്തു. എന്‍. ബേസിലും ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: ranji trophy cricket quarter final kerala vs jammu kashmir
Published: 09 Feb 2025, 05:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented