ഓങ്കോള്‍ (ആന്ധ്രാ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന കേരളത്തിന് വീണ്ടും കനത്ത തോല്‍വി. സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ആന്ധ്രാ പ്രദേശ് ഏഴു വിക്കറ്റിന് കേരളത്തെ തകര്‍ത്തു. കേരളമുയര്‍ത്തിയ 43 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. 

ഈ തോല്‍വിയോടെ എലൈറ്റ് ഗ്രൂപ്പില്‍ കേരളത്തിന്റെ തരംതാഴ്ത്തല്‍ ഏറെക്കുറെ ഉറപ്പായി. ഈ സീസണില്‍ കേരളത്തിന്റെ അഞ്ചാം തോല്‍വിയാണിത്. ബംഗാള്‍, ഹൈദരാബാദ്, ഗുജറാത്ത്, രാജസ്ഥാന്‍. ആന്ധ്ര ടീമുകളോട് തോറ്റപ്പോള്‍ വിജയിച്ചത് പഞ്ചാബിനെതിരേ മാത്രമാണ്. ഡല്‍ഹിയോട് സമനിലയും വഴങ്ങി.

ഒന്നാമിന്നിങ്‌സില്‍ 93 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സിനിറങ്ങിയ കേരളത്തിന്റെ ബാറ്റിങ് നിര ഒരിക്കല്‍കൂടി പരാജയമായി. 132 റണ്‍സിന് കേരളം പുറത്തായി. വെറും 45 ഓവര്‍ മാത്രം നീണ്ടു നിന്ന ഇന്നിങ്‌സില്‍ 24 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ്പ്‌സ്‌കോറര്‍. നാല് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ആന്ധ്രയ്ക്കായി റാഫിയും പൃഥ്വി രാജ് യാറയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ രണ്ടിന്നിങ്‌സിലുമായി റാഫി എട്ടു വിക്കറ്റ് അക്കൗണ്ടിലെത്തിച്ചു. 

മറുപടി ബാറ്റിങ്ങില്‍ ആന്ധ്രയ്ക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല. മൂന്നു വിക്കറ്റ് നഷ്ടമായെങ്കിലും ആന്ധ്ര അനായാസം ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ ജ്ഞാനേശ്വര്‍ (9), പ്രശാന്ത് കുമാര്‍(4), ജ്യോതിസായ് കൃഷ്ണ(15) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. റാഫി (12), ക്യാപ്റ്റന്‍ റിക്കി ഭുയി(2) എന്നിവര്‍ ചേര്‍ന്ന് വിജയതീരത്തെത്തിച്ചു. കേരളത്തിനായി ജലജ് സക്‌സേന രണ്ടും നിധീഷ് എം.ഡി ഒരു വിക്കറ്റും നേടി. 

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 162-ന് എതിരേ 255 റണ്‍സെടുത്ത ആന്ധ്ര 93 റണ്‍സ് ലീഡ് നേടിയിരുന്നു. ഓപ്പണര്‍ പ്രശാന്ത് കുമാറിന്റെ അര്‍ധ സെഞ്ചുറിയാണ് ആന്ധ്രയെ ലീഡിലേക്ക് നയിച്ചത്. 237 പന്തുകള്‍ നേരിട്ട് 11 ഫോറടക്കം 79 റണ്‍സെടുത്ത പ്രശാന്ത് ഏഴാമതായാണ് പുറത്തായത്. ഗിരിനാഥ് (41), നിധീഷ് കുമാര്‍ (39) എന്നിവരും ആന്ധ്രയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി ക്യാപ്റ്റന്‍ ജലജ് സക്സേനയും ബേസില്‍ തമ്പിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി നിധീഷ്, എന്‍.പി ബേസില്‍, അഭിഷേക് മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ആദ്യ ഇന്നിങ്‌സില്‍ വാലറ്റത്ത് ബേസില്‍ തമ്പി (53 പന്തില്‍ 42) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തിന്റെ സ്‌കോര്‍ 150 കടത്തിയത്. ആന്ധ്രയ്ക്കായി റാഫി അഞ്ചു വിക്കറ്റ് വീഴ്ത്തി. 

Content Highlights: Ranji Trophy Cricket Kerala vs Andhra Pradesh