ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ സ്പിന്നർ പ്രഗ്യാൻ ഓജയെയാണ് ബിസിസിഐ നിയമിച്ചത്. സെലക്ഷൻ കമ്മിറ്റി പാനലിലെ സീനിയോറിറ്റി പരിഗണിച്ചാണ് ഓജയെ മുഖ്യ സെലക്ടറാക്കിയത്. അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം. സെലക്ഷൻ കമ്മിറ്റി ചെയർമാനെന്ന നിലയിൽ ഓജയുടെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് നിരീക്ഷകർ. മുൻ ചീഫ് സെലക്ടർ അഗാർ‌ക്കറുടെ പല തീരുമാനങ്ങളും അതൃപ്തിക്കിടയാക്കിയിരുന്നു. എന്നാൽ ഓജ അത്തരത്തിലുള്ള സമീപനങ്ങൾ സ്വീകരിച്ചേക്കില്ലെന്നാണ് പലരും വിലയിരുത്തുന്നത്.

To advertise here,

മുൻകാലങ്ങളിൽ അജിത് അഗാർക്കർ എടുത്ത കടുത്ത തീരുമാനങ്ങൾ ബിസിസിഐക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് മുതിർന്ന താരങ്ങളോടുള്ള സമീപനം. പ്രകടനം മികച്ചതാണെങ്കിലും മുതിർന്ന താരങ്ങളെ വീണ്ടും ടീമിലേക്ക് പരിഗണിക്കാൻ അഗാർക്കർ താത്പര്യം കാണിച്ചിരുന്നില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അജിത് അഗാർക്കറുടെ കാലയളവിൽ പേസർ ഭുവനേശ്വർ കുമാറിന് ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തത് ഇതിന് ഉദാഹരണമായിരുന്നു. അഗാർക്കർ പോയതോടെ ഭുവി ടീമിൽ തിരിച്ചെത്തുകയും ചെയ്തു. ഈ സമീപനങ്ങൾ ഓജയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നാണ് കരുതുന്നത്.

ഓജയുടെ വരവ് കാര്യങ്ങൾ കൂടുതൽ സൗമ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഹിത് ശർമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിരാട് കോലിയും കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഓജ മുൻപ് ഒരു മധ്യസ്ഥന്റെ റോൾ വഹിച്ചിട്ടുണ്ട്. ഗംഭീറിനും കോലിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓജയെ പ്രത്യേകം ചുമതലപ്പെടുത്തുകയായിരുന്നു. ഓജ നേരിട്ട് വിരാട് കോലിയോട് സംസാരിക്കുകയും വിഷയങ്ങൾ ശാന്തമായി പരിഹരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. സമീപകാലത്തുമാത്രം വിരമിച്ച ആളായതിനാൽ നിലവിൽ കളിക്കുന്ന സീനിയർ താരങ്ങളുമായി ഓജയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇത് ഗുണം ചെയ്യുമെന്നും ബിസിസിഐ കരുതുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനായി മികച്ചൊരു ടീമിനെ വാർത്തെടുക്കുകയെന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

കൂടുതൽ ടെസ്റ്റുകൾ കളിച്ചത് പരിഗണിച്ചാണ് പ്രഗ്യാൻ ഓജയെ പുതിയ ചീഫ് സെലക്ടറായി നിയമിച്ചതെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രത്ര, രമേഷ് പവാർ എന്നിവരാണ് മറ്റംഗങ്ങൾ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള പവാർ, ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. തുടക്കത്തിൽ ജൂനിയർ സെലക്ഷൻ കമ്മിറ്റി തലവനാകാനാണ് പവാറിനെ പരിഗണിച്ചിരുന്നതെങ്കിലും, പിന്നീട് അദ്ദേഹത്തെ സീനിയർ സെലക്ഷൻ പാനലിലേക്ക് ഉൾപ്പെടുത്താൻ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.