അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിന്റെ കൂറ്റൻ സ്‌കോറിനെ ഭയക്കാതെ ഓപ്പണർ സായ് സുദർശൻ ബാറ്റ് വീശിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിനെ ജയത്തിലെത്തിക്കാനായില്ല. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ രാജസ്ഥാൻ ആറ് റൺസിനാണ് ഗുജറാത്തിനെ കീഴടക്കിയത്. രാജസ്ഥാൻ ഉയർത്തിയ 211 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടൂർണമെന്റിലെ ടീമിന്റെ രണ്ടാം ജയമാണിത്. ഗുജറാത്തിന്റെ രണ്ടാം തോൽവിയും. മത്സരത്തിന്റെ അവസാനം ഗുജറാത്തിന് നല്ല ജയസാധ്യത ഉണ്ടായിരുന്നു. എന്നാൽ ഡെത്ത് ഓവറുകളിൽ നന്നായി പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ മത്സരം സ്വന്തമാക്കുകയായിരുന്നു.

To advertise here,

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റയാൻ പരാഗിന്റെ തന്ത്രമാണ് ടീമിന് ജയം സമ്മാനിച്ചത്. അവസാന രണ്ടോവറിൽ 15 റൺസാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാൽ എട്ട് റൺസ് മാത്രമേ ടീമിന് നേടാനായുള്ളൂ. 19-ാം ഓവറിൽ ജോഫ്രെ ആർച്ചറും അവസാന ഓവർ തുഷാർ ദേശ്പാണ്ഡെയ്ക്കുമാണ് നൽകിയത്. ആ തീരുമാനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. സാധാരണഗതിയിൽ അവസാന ഓവർ എറിയാറുള്ള ജോഫ്ര ആർച്ചറെ 19-ാം ഓവർ എൽപ്പിച്ചു. ആ ഓവറിൽ ആകെ പിറന്നത് നാല് റൺസ് മാത്രമാണ്. അതോടെ വിജയലക്ഷ്യം ആറുപന്തിൽ 11 ആയി മാറി.

അവസാനഓവർ എറിയാൻ ഒട്ടേറെ ഓപ്ഷനുകളുണ്ടായിരുന്നു ക്യാപ്റ്റന്. നാന്ദ്രെ ബർഗറും സന്ദീപ് ശർമയും മൂന്നോവറുകൾ മാത്രമേ എറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ ഇരുവരെയും പന്തേൽപ്പിക്കാതെ തുഷാർ ദേശ്പാണ്ഡെയെ നിയോഗിച്ചു. നന്നായി പന്തെറിഞ്ഞ ദേശ്പാണ്ഡെ കളി രാജസ്ഥാന് അനുകൂലമാക്കി. ആ ഓവറിൽ ആകെ പിറന്നത് നാല് റൺസ്. അതോടെ രാജസ്ഥാൻ ജയത്തോടെ മടങ്ങി. വിജയത്തിന്റെ ക്രെഡിറ്റ് ധ്രുവ് ജുറേലിനാണെന്നാണ് മത്സരശേഷം പരാഗ് പറഞ്ഞത്. 19-ാം ഓവറിൽ ജോഫ്രെ ആർച്ചറെ പന്തേൽപ്പിക്കാൻ ജുറേലാണ് ആവശ്യപ്പെട്ടതെന്ന് രാജസ്ഥാൻ നായകൻ വെളിപ്പെടുത്തി.

ഗുജറാത്തിനായി 44 പന്തിൽ 73 റൺസുമായാണ് സായ് സുദർശൻ പൊരുതിയത്. ഒൻപത് ഫോറും മൂന്ന് സിക്‌സും ഇന്നിങ്‌സിലുണ്ട്. എന്നാൽ, രവി ബിഷ്‌ണോയിക്ക് മുന്നിൽ സുദർശൻ വീണതോടെ ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് നിര തകർന്നു. കുമാർ കുശാഗ്ര (18), ജോസ് ബട്‌ലർ (26) എന്നിവർക്കാണ് അല്പമെങ്കിലും പിടിച്ചുനിൽക്കാനായത്. ഏഴിന് 161 എന്ന നിലയിലേക്ക് വീണെങ്കിലും റാഷിദ് ഖാനും (16 പന്തിൽ 24) കഗീസോ റബാഡയും (16 പന്തിൽ 23) പൊരുതിയതോടെയാണ് അവസാന പന്ത് വരെ സസ്‌പെൻസ് നീണ്ടത്. പരാഗിന്റെ ബൗളിങ് ഓർഡറിലെ മാറ്റം രാജസ്ഥാനെ തുണച്ചതോടെ ഗുജറാത്ത് ആറുറൺസകലെ വീണു. പരിക്കുകാരണം ശുഭ്മൻ ഗിൽ കളിക്കാതിരുന്നതോടെ റാഷിദ് ഖാനാണ് ടൈറ്റൻസ്‌ ടീമിനെ നയിച്ചത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റിൽ മികച്ച തുടക്കമാണ് ജയ്‌സ്വാൾ-വൈഭവ് സൂര്യവംശി സഖ്യം നൽകിയത്. 18 പന്തിൽ 31 റൺസെടുത്ത സൂര്യവംശി പുറത്താകുമ്പോൾ സ്‌കോർ 6.2 ഓവറിൽ 70 റൺസിലെത്തിയിരുന്നു. അഞ്ച് ഫോറും ഒരു സിക്‌സുമാണ് സൂര്യവംശിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. റാഷിദ് ഖാന്റെ പന്തിൽ ഗ്ലെൻ ഫിലിപ്‌സ് പിടിച്ചാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ ജയ്‌സ്വാളും ജുറെലും ഒത്തുചേർന്നതോടെ രാജസ്ഥാൻ സ്‌കോർ കുതിച്ചുയർന്നു. മികച്ച ഫോമിൽ കളിച്ച ജയ്‌സ്വാൾ ആറ് ഫോറും മൂന്ന് സിക്‌സും നേടി. 56 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. റബാഡയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് ജയ്‌സ്വാൾ മടങ്ങിയത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ റയാൻ പരാഗും വീണെങ്കിലും ഷിംറോൺ ഹെറ്റ്‌മെയറെ (18) ഒരറ്റത്തുനിർത്തി ജുറെൽ സ്‌കോറുയർത്തി. അഞ്ച് വീതം സിക്‌സും ഫോറുമാണ് ജുറെൽ നേടിയത്.