ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം നിർണായക ക്യാച്ച് കൈവിട്ട വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ വിമർശിച്ച് ആർ അശ്വിൻ രംഗത്തെത്തിയിരുന്നു. ജസ്പ്രീത് ബുംറയുടെ പന്തിൽ ന്യൂസീലൻഡ് ബാറ്റർ ഡാരിൽ മിച്ചലിനെ പുറത്താക്കാനുള്ള അവസരമാണ് പന്ത് നഷ്ടപ്പെടുത്തിയത്.

To advertise here,

ഋഷഭ് പന്തിന്റെ അടിസ്ഥാന സാങ്കേതികതയെ രൂക്ഷമായി വിമർശിച്ചായിരുന്നു അശ്വിന്റെ പോസ്റ്റ്. മത്സരത്തിന്റെ സ്‌ക്രീൻഷോട്ടും അശ്വിൻ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ ഒരു ആരാധകൻ അശ്വിനെ ചോദ്യം ചെയ്ത് ഐപിഎൽ 2021 ക്വാളിഫയർ 2-ൽ നിന്നുള്ള അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. കൊൽക്കത്തയ്ക്ക് വിജയിക്കാൻ രണ്ട് പന്തിൽ ആറ് റൺസ് വേണമെന്നുള്ളപ്പോൾ അശ്വിൻ എറിഞ്ഞ പന്തിൽ സിക്‌സർ അടിച്ച് രാഹുൽ കളി ജയിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. 'ഈ സമയത്ത് നിങ്ങളുടെ അടിസ്ഥാന കാര്യങ്ങൾ എവിടെയായിരുന്നു' എന്നും ആരാധകൻ ചോദിച്ചു.

ഇതിന് വളരെ സംയമനത്തോടെയുള്ള മറുപടിയാണ് അശ്വിൻ നൽകിയത്. 'യഥാർഥത്തിൽ നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. വൈഡും ഷോർട്ടുമായി എറിയുന്നതിന് പകരം ഞാൻ അദ്ദേഹത്തിന്റെ പാഡിലേക്ക് എറിയേണ്ടതായിരുന്നു. അതൊരു മോശം പന്തായിരുന്നു. അതുപോലെ ഋഷഭിന് ബേസ്അപ്പ് സമയത്ത് അൽപ്പം കൂടി താഴ്ന്ന് നിൽക്കാമായിരുന്നു. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. അത് സാധാരണമാണ്. കാരണം നമ്മളെല്ലാം മനുഷ്യരാണ്. അതുകൊണ്ട് അദ്ദേഹം മോശം കളിക്കാരനാകുന്നില്ല. അദ്ദേഹം ഇപ്പോഴും മികച്ചൊരു കളിക്കാരനാണ്. ഒരു കാഴ്ചക്കാരന് കളി വ്യത്യസ്തമായ രീതിയിൽ കാണാനും മറ്റ് നിരവധി യുവതാരങ്ങൾക്ക് പഠിക്കാനും സാധിക്കുന്ന തരത്തിലുള്ള ഒരു വീക്ഷണം നൽകാനുള്ള എന്റെ വഴി മാത്രമാണിത്. പന്തിന്റെ ഒരു ആരാധകൻ എന്ന നിലയിൽ, അദ്ദേഹം മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്ന് നിങ്ങളും നിരീക്ഷിച്ചു നോക്കൂ. ആശംസകൾ, ക്രിക്കറ്റ് ആസ്വദിക്കൂ.'-അശ്വിൻ മറുപടി നൽകി.

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ബുംറ എറിഞ്ഞ പന്ത് മിച്ചലിന്റ ഗ്ലൗസിൽ തട്ടി സ്റ്റമ്പിന് പിന്നിലേക്ക് ഉയർന്നപ്പോൾ കൃത്യമായി പൊസിഷനില്ലാത്തതിനാൽ പന്ത് ഋഷഭ് പന്തിന്റെ വിരലുകളിൽ തട്ടിത്തെറിക്കുകയായിരുന്നു. തമിഴ് കമന്ററി ബോക്‌സിൽ കമന്റേറ്റർമാർ ഈ സാങ്കേതിക പിഴവ് കൃത്യമായി ചൂണ്ടിക്കാണിച്ചതിനെ പ്രശംസിച്ചാണ് അശ്വിൻ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്.

'തമിഴ് കമന്ററിയിൽ മികച്ച നിരീക്ഷണമാണുണ്ടായത്. ഇതിനെ വ്യക്തിപരമായി കാണേണ്ടതില്ല. മത്സരത്തിലെ അടിസ്ഥാന പാഠങ്ങളുടെ അഭാവമാണിത്. ഈ ഫ്രെയിം നോക്കൂ. പന്ത് ബൗളർ കൈവിടുന്നതിന് മുമ്പ് വിക്കറ്റ് കീപ്പർ പൊസിഷൻ ശരിയാക്കിയിട്ടില്ല. അതുകൊണ്ടാണ് ക്യാച്ചിനായി ഉയർന്നു ചാടേണ്ടി വന്നപ്പോൾ ബാലൻസ് തെറ്റിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാൻ പാടില്ല.'-അശ്വിൻ വ്യക്തമാക്കി.