ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാമിന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് നാണക്കേടിന്റെ റെക്കോർഡ്. കെ.എൽ. രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത യശസ്വി കിവീസ് പേസർ മാറ്റ് ഹെൻ​റിക്ക് മുന്നിൽ ബൗൾഡായി പൂജ്യത്തിന് പുറത്തായി. ആറ് പന്തുകൾ മാത്രമാണ് യുവതാരം നേരിട്ടത്.

To advertise here,

ഇതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നീ നാല് സെന രാജ്യങ്ങളിൽ ടെസ്റ്റ് ഓപ്പണറായി ഇറങ്ങി പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേട് യശസ്വിയുടെ പേരിലായി. ന്യൂസീലൻഡിൽ ആദ്യത്തെയും ടെസ്റ്റ് കരിയറിൽ എട്ടാമത്തെയും തവണയാണ് യശസ്വി പൂജ്യത്തിന് പുറത്താകുന്നത്. ദക്ഷിണാഫ്രിക്കയിൽ കളിച്ച നാല് ഇന്നിങ്‌സുകളിൽ ഒരു തവണ പൂജ്യത്തിന് പുറത്തായി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഓരോ ഡക്ക് വീതമാണ് വഴങ്ങിയത്. ഇപ്പോഴിതാ ന്യൂസീലൻഡിലും പൂജ്യത്തിന് പുറത്തായി.

ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡ് വീരേന്ദർ സെവാഗിന്റെ പേരിലാണ്. 96 ടെസ്റ്റിൽ 168 തവണ ഇന്നിങ്‌സ് ഓപ്പൺ ചെയ്ത സെവാഗ് 15 തവണ പൂജ്യത്തിന് പുറത്തായി. പങ്കജ് റോയ് (14), സുനിൽ ഗാവസ്‌കർ (11), നവ്‌ജ്യോത് സിങ് സിദ്ധു (9) എന്നിവരാണ് ഈ പട്ടികയിൽ സെവാഗിന് പിന്നിലുള്ളത്. 33 ടെസ്റ്റുകളിൽ 59 ഇന്നിങ്‌സുകളിൽ ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്‌സ്വാൾ എട്ട് ഡക്കുകളുമായി മുരളി വിജയിക്കൊപ്പമാണ്. 100 ഇന്നിങ്‌സുകളിൽ നിന്നാണ് മുരളി വിജയ് എട്ട് ഡക്കുകൾ വഴങ്ങിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടും യശസ്വിക്കൊപ്പം ചേർന്നു. ഏഴ് തവണ പൂജ്യത്തിന് പുറത്തായ വിരാട് കോലിയുടെ പേരിലായിരുന്നു ഇതുവരെ ഈ മോശം റെക്കോർഡ്. ആറ് ഡക്കുമായി മുൻതാരം ചേതേശ്വർ പൂജാരയാണ് മൂന്നാം സ്ഥാനത്ത്.