ന്യൂഡൽഹി: ഐപിഎല്ലിൽ പുതുചരിത്രമെഴുതി പഞ്ചാബ് കിങ്‌സ്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം മറികടന്നതോടെയാണ് പഞ്ചാബ് റെക്കോഡ് കുറിച്ചത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരു ടീമും ഇത്രയും റൺസ് ചേസ് ചെയ്ത് ജയിച്ചിട്ടില്ല. ഐപിഎല്ലിൽ മാത്രമല്ല, ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന റൺ ചേസാണിത്.

To advertise here,

നേരത്തേ പഞ്ചാബ് കുറിച്ച റെക്കോഡ് തന്നെയാണ് ശ്രേയസ് അയ്യരും സംഘവും തിരുത്തിയത്. 2024 ഐപിഎല്ലിൽ കൊൽക്കത്തയ്‌ക്കെതിരേയായിരുന്നു ആ നേട്ടം. അന്ന് 262 റൺസാണ് ടീം അടിച്ചെടുത്തത്. പട്ടികയിൽ മൂന്നാമത് സൺറൈസേഴ്‌സാണ്. 2025 ൽ ഹൈദരാബാദിനെതിരേ പഞ്ചാബ് 245 റൺസാണ് എടുത്തത്. അത് മറികടന്നാണ് ടീം ജയം നേടിയത്. 2025 ൽ ലഖ്‌നൗവിനെതിരേ ആർസിബി 228 റൺസ് വിജയലക്ഷ്യം മറികടന്നിരുന്നു.

ഡൽഹിക്കെതിരായ ജയത്തോടെ അപരാജിതക്കുതിപ്പ് തുടരുകയാണ് പഞ്ചാബ്. ഐപിഎല്ലിലെ ആദ്യ ഏഴ് മത്സരങ്ങളിലും ടീം പരാജയമറിഞ്ഞിട്ടില്ല. ആറ് മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു കളി ഉപേക്ഷിച്ചു. ഏഴുമത്സരങ്ങളിൽ നിന്ന് 13 പോയന്റോടെ പട്ടികയിൽ തലപ്പത്താണ് പഞ്ചാബ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 10 പോയന്റുള്ള ആർസിബി രണ്ടാമതാണ്. ആറുപോയന്റുമായി ഡൽഹി ആറാമതാണ്.

നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 264 റൺസാണെടുത്തത്. സെഞ്ചുറി നേടിയ രാഹുലും അർധസെഞ്ചുറി നേടിയ നിതീഷ് റാണയുമാണ് ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രാഹുൽ 67 പന്തിൽ നിന്ന് 152 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ 220 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ താണ്ഡവമാടിയ പഞ്ചാബ് ബാറ്റർമാർ ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആറുവിക്കറ്റ് ജയം സ്വന്തമാക്കി. 26 പന്തിൽ നിന്ന് 76 റൺസെടുത്ത പ്രഭ്‌സിമ്രാൻ സിങ്, 36 പന്തിൽ നിന്ന് 71 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരാണ് പഞ്ചാബ് ഇന്നിങ്‌സിന് കരുത്തുപകർന്നത്.