ഹോവ് (ഇംഗ്ലണ്ട്): കൗണ്ടി ക്രിക്കറ്റില്‍ മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര. ഡര്‍ഹമിനെതിരായ മത്സരത്തില്‍ സസ്സെക്‌സിനായി ഇരട്ട സെഞ്ചുറി നേടിയ പൂജാര ഇത്തവണത്തെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് സ്വന്തമാക്കിയത്. 

To advertise here,

334 പന്തുകള്‍ നേരിട്ട പൂജാര 24 ബൗണ്ടറിയടക്കം 203 റണ്‍സെടുത്താണ് പുറത്തായത്. ഇരട്ട സെഞ്ചുറി നേടിയ പൂജാരയുടെ മികവില്‍ സസ്സെക്‌സ് ഒന്നാം ഇന്നിങ്‌സില്‍ 538 റണ്‍സെടുത്തു. ഡര്‍ഹമിനെതിരേ 315 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനും സസ്സെക്‌സിനായി. ഒന്നാം ഇന്നിങ്‌സില്‍ ഡര്‍ഹം 223 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 

പൂജാര - റിസ്വാന്‍ കൂട്ടുകെട്ട് ഏറ്റെടുത്ത് ഇന്ത്യ - പാക് ആരാധകര്‍

സസ്സെക്‌സ് ടീമില്‍ പൂജാരയുടെ സഹതാരമാണ് പാകിസ്താന്‍ ക്രിക്കറ്റ് താരമായ മുഹമ്മദ് റിസ്വാന്‍. മത്സരത്തില്‍ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് സസ്സെക്‌സിന്റെ മികച്ച സ്‌കോറില്‍ നിര്‍ണായകമായി. ആറാം വിക്കറ്റിലാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഈ സഖ്യം ടീമിനായി 154 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. റിസ്വാന്‍ 145 പന്തില്‍ നിന്ന് 79 റണ്‍സ് സ്വന്തമാക്കി. ഈ കൂട്ടുകെട്ട് ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുക്കുക കൂടി ചെയ്തു. കളിക്കിടെ ഇരുവരും പരസ്പരം അഭിനന്ദിക്കുന്നതും ആശയവിനിമയം നടത്തുന്നതുമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.