ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചതിനു പിന്നാലെ കൗണ്ടി ക്രിക്കറ്റില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തി ബെന്‍ സ്റ്റോക്ക്‌സ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ഡിവിഷന്‍ മത്സരത്തില്‍ വോര്‍സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തില്‍ ഡര്‍ഹമിനു വേണ്ടിയായിരുന്നു സ്റ്റോക്ക്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. 

To advertise here,

ഡര്‍ഹം ഒന്നാം ഇന്നിങ്‌സ് ആറിന് 580 റണ്‍സിന് ഡിക്ലയര്‍ ചെയ്ത മത്സരത്തില്‍ സ്റ്റോക്ക്‌സ് സെഞ്ചുറി തികച്ചത് വെറും 64 പന്തില്‍ നിന്നായിരുന്നു. മത്സരത്തിലാകെ 88 പന്തുകള്‍ നേരിട്ട താരം 17 സിക്‌സറുകളും എട്ട് ഫോറുമടക്കം 161 റണ്‍സെടുത്താണ് പുറത്തായത്. നേരിട്ട ആദ്യ 30 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമെടുത്ത താരത്തില്‍ നിന്നായിരുന്നു പിന്നീട് ഈ വെടിക്കെട്ട് ബാറ്റിങ്.

തീര്‍ന്നില്ല ഈ ഇന്നിങ്‌സിനിടെ വോര്‍സെസ്റ്റര്‍ഷെയറിന്റെ പതിനെട്ടുകാരന്‍ സ്പിന്നര്‍ ജോഷ് ബേക്കര്‍ എറിഞ്ഞ 117-ാം ഓവറില്‍ അഞ്ചു സിക്‌സും ഒരു ഫോറുമടക്കം സ്‌റ്റോക്ക്‌സ് അടിച്ചുകൂട്ടിയത് 34 റണ്‍സായിരുന്നു. 

മാത്രമല്ല ഈ ഇന്നിങ്‌സില്‍ അടിച്ചുകൂട്ടിയ 17 സിക്‌സറുകളോടെ സ്‌റ്റോക്ക്‌സ് കൗണ്ടി റെക്കോഡ് ബുക്കിലും ഇടംനേടി. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് സ്‌റ്റോക്ക്‌സ് സ്വന്തമാക്കിയത്. 1995-ല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രു സൈമണ്ട്‌സ്, ഗ്ലൂസെസ്റ്റര്‍ഷെയറിനെതിരെയും 2011-ല്‍ ഇംഗ്ലണ്ടിന്റെ ഗ്രഹാം നേപ്പിയര്‍ എസെക്‌സിനെതിരെയും നേടിയ 16 സിക്‌സറുകളുടെ റെക്കോഡാണ് സ്‌റ്റോക്ക്‌സ് പഴങ്കഥയാക്കിയത്. 

''നല്ല രസമായിരുന്നു അത്. ഞങ്ങളുടെ ആദ്യ അഞ്ച് ബാറ്റര്‍മാര്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചു. ഞാന്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് കളിച്ചെന്നേയുള്ളൂ. ഞങ്ങളുടെ അവസാന ബാറ്റിങ് പോയന്റില്‍ എത്തിയപ്പോള്‍ കഴിയാവുന്നത്ര റണ്‍സ് അടിച്ചുകൂട്ടാനുള്ള ശ്രമത്തിലായിരുന്നു.'' - ഇന്നിങ്‌സിനു ശേഷം സ്‌റ്റോക്ക്‌സ് പറഞ്ഞു.