മുംബൈ: ഐ.പി.എൽ പതിമൂന്നാം സീസണിലൂടെ ക്രിക്കറ്റിൽ തിരിച്ചുവരാനൊരുങ്ങുകയായിരുന്നു എം.എസ് ധോനി. 2019 ഏകദിന ലോകകപ്പിലെ സെമിഫൈനലിന് ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത ധോനി റാഞ്ചിയിലെ ഫാം ഹൗസിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലായിരുന്നു. പിന്നീട് നടന്ന ഇന്ത്യയുടെ പരമ്പരകളിലൊന്നും വിക്കറ്റിന് പിന്നിൽ ധോനിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതിനിടെ താരത്തിന്റെ വിരമിക്കൽ വാർത്തയും പ്രചരിക്കാൻ തുടങ്ങി.

To advertise here,

പക്ഷേ എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞ് ക്യാപ്റ്റൻ കൂൾ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്കൊപ്പം ചെന്നൈയിലെത്തി നെറ്റ്സിൽ പരിശീലനം തുടങ്ങിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിലെ പരിശീലനം അധികം നീണ്ടുനിന്നില്ല. ധോനി റാഞ്ചിയിലേക്ക് തിരിച്ചുപോയി. ഐ.പി.എൽ അനിശ്ചിതത്വത്തിലുമായി.

ധോനിയോടൊപ്പം അന്ന് നെറ്റ്സിൽ പരിശീലിച്ച സ്പിൻ ബൗളർ പിയൂഷ് ചൗള ആ ദിവസങ്ങൾ ഓർത്തെടുക്കുകയാണ്. മുൻതാരം ആകാശ് ചോപ്രയുടെ യു ട്യൂബ് ഷോ ആയ ആകാശ് വാണിയിലാണ് ആ നിമിഷങ്ങൾ പിയൂഷ് ചൗള പങ്കുവെച്ചത്. ഏറെക്കാലം ക്രിക്കറ്റിൽ നിന്നു വിട്ടുനിന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതെ വളരെ മനോഹരമായാണ് ധോനി ബൗളർമാരെ നേരിട്ടതെന്ന് ചൗള പറയുന്നു. 'സാധാരണയായി കുറേ കാലം കളിയിൽ നിന്നു വിട്ടുനിന്നാൽ നമ്മൾ തുരുമ്പെടുത്തതു പോലെയാകും. എന്നാൽ ധോനി അങ്ങനെയായിരുന്നില്ല. അദ്ദേഹം റാഞ്ചിയിലായിരുന്നപ്പോൾ എന്തോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. രണ്ടര മണിക്കൂറോളം വിശ്രമമില്ലാതെ ധോനി ബാറ്റു ചെയ്തു. ആ ബാറ്റിൽ നിന്ന് മികച്ച ഷോട്ടുകൾ പിറന്നു.' ചൗള വ്യക്തമാക്കുന്നു.

'കുറച്ചു താരങ്ങൾ മാത്രമാണ് ക്യാമ്പിലുണ്ടായിരുന്നത്. അതിൽ അധികപേരും ബൗളർമാരായിരുന്നു. സുരേഷ് റെയ്ന, റായുഡു, മഹി ഭായ് എന്നിവരായിരുന്നു ബാറ്റ്സ്മാൻമാർ. രണ്ടര മണിക്കൂറോളം അവർ ഇടവേളയില്ലാതെ ബാറ്റു ചെയ്തു. ഓരോ ബാറ്റ്സ്മാനും 20 പന്തുകളോളം നേരിട്ടു.' ചൗള കൂട്ടിച്ചേർത്തു.