പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസത്തെ മത്സരങ്ങള്‍ കണ്ട ഒരാള്‍ക്ക് ഈ കളി രണ്ട് പിച്ചിലായിട്ടാണോ നടന്നതെന്ന് സംശയം തോന്നിയാല്‍ കുറ്റം പറയാനാകില്ല. വെള്ളിയാഴ്ച ആദ്യ ദിനം പേസര്‍മാരുടെ പറുദീസയായി മാറിയ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ച് പക്ഷേ രണ്ടാം ദിനമായ വെള്ളിയാഴ്ച ബൗളര്‍മാരെ പരീക്ഷിക്കുകയായിരുന്നു. സാധാരണ ടെസ്റ്റില്‍ മത്സരങ്ങള്‍ പുരോഗമിക്കവെ പിച്ചിന്റെ അവസ്ഥ മോശമാകാറാണ് പതിവ്. എന്നാല്‍ ഇവിടെ പിച്ചിന്റെ സ്വഭാവം മെച്ചപ്പെടുന്നതാണ് കാണാനായത്. ഒന്നാം ദിനം 17 വിക്കറ്റുകള്‍ വീണ പിച്ചില്‍ രണ്ടാം ദിനം പക്ഷേ ബൗളര്‍മാര്‍ക്ക് നേടാനായത് മൂന്നേ മൂന്ന് വിക്കറ്റുകള്‍ മാത്രം. ഒന്നാം ദിനം പേസര്‍മാര്‍ ഓരോ പന്തിലും വിക്കറ്റ് വീഴ്ത്തുമെന്ന് തോന്നിച്ചിരുന്നു. ജസ്പ്രീത് ബുംറയുടെ പന്തുകള്‍ക്കു മുന്നില്‍ ബാറ്റ് എവിടെ വെയ്ക്കണമെന്ന് പോലും അറിയാതെ ഓസീസ് ബാറ്റര്‍മാര്‍ കുഴങ്ങുന്നത് കാണാമായിരുന്നു.
എന്നാല്‍ ബുംറ ബാറ്റര്‍മാരെ കുഴക്കിയ പിച്ചില്‍ രണ്ടാം ദിനം 57 ഓവറുകള്‍ എറിഞ്ഞിട്ടും ഓസീസ് ബൗളര്‍മാര്‍ക്ക് ഇന്ത്യയുടെ ഒരു വിക്കറ്റു പോലും വീഴ്ത്താനായില്ല. യശസ്വി ജയ്‌സ്വാളും കെ.എല്‍ രാഹുലും ചേര്‍ന്ന് 172 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ക്രീസിലുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വെറും 150 റണ്‍സിന് ഇവിടെ ഓള്‍ഔട്ടായതാണെന്ന കാര്യം ഓര്‍ക്കണം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വിറപ്പിച്ച മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ പന്തെറിഞ്ഞ് തളര്‍ന്നു.

24 മണിക്കൂറിനുള്ളില്‍ എങ്ങനെ പിച്ചിന്റെ സ്വഭാവം ഇങ്ങനെ മാറി. റോളറിന്റെ ഉപയോഗമാണ് ഇതിന് ഒരു പരിധിവരെ കാരണമായതെന്നാണ് മുന്‍ താരം സുനില്‍ ഗാവസ്‌ക്കറുടെ നിരീക്ഷണം. ഓരോ ദിവസത്തെ മത്സരത്തിനു മുമ്പും പിച്ച് വൃത്തിയാക്കി റോള്‍ ചെയ്യുന്ന പതിവുണ്ട്. ഇതോടെ പിച്ചിന്റെ ഭാവം മാറിയെന്നാണ് ഗാവസ്‌ക്കറുടെ നിരീക്ഷണം. അവസാന വിക്കറ്റില്‍ ഓസീസിനായി സ്റ്റാര്‍ക്ക് - ഹേസല്‍വുഡ് സഖ്യം ഏകദേശം 20 ഓവറോളം ബാറ്റ് ചെയ്ത് ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചതു തന്നെയാണ് ഇതിന് തെളിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ദിനം ഓസീസും പിന്നീട് ഇന്ത്യയും ബാറ്റ് ചെയ്യാനിറങ്ങിയത് റോള്‍ ചെയ്ത പിച്ചിലായിരുന്നു. റോള്‍ ചെയ്തതോടെ പിച്ച് അല്‍പ്പംകൂടി ഫ്‌ളാറ്റായി, ബാറ്റിങ് കുറേക്കൂടി എളുപ്പവുമായി.
കൂടാതെ കാലാവസ്ഥയും പിച്ചിന്റെ ഈ മാറ്റത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നാം ദിനം മത്സരം ആരംഭിച്ചതു തന്നെ തണുത്ത അന്തരീക്ഷത്തിലായിരുന്നു. അന്തരീക്ഷത്തിലും പിച്ചിലും ഉണ്ടായ ഈര്‍പ്പം ബൗളര്‍മാര്‍ക്ക്, പ്രത്യേകിച്ചും സ്വിങ് ബൗളര്‍മാരെ അകമഴിഞ്ഞ് സഹായിച്ചു. പെര്‍ത്തിലെ തന്നെ വാക്കയിലെ (വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം) പിച്ചും സ്വിങ്ങിനും ബൗള്‍സിനും പേരുകേട്ടതാണ്. ഒപ്റ്റസ് സ്റ്റേഡിയത്തിലെ വിക്കറ്റും സമാനമാണ്. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം പ്രത്യേകിച്ചും ഓസ്‌ട്രേലിയയില്‍ ബൗളര്‍മാരുടെ ഇഷ്ട കാഴ്ചയാണ്.

എന്നാല്‍ രണ്ടാം ദിനം അന്തരീക്ഷം മാറി. സൂര്യന്‍ തനിസ്വരൂപം കാണിച്ചതോടെ പിച്ചിലും അന്തരീക്ഷത്തിലും ഈര്‍പ്പമില്ലായിരുന്നു. പിച്ച് റോള്‍ ചെയ്യുക കൂടി ചെയ്തതോടെ ആദ്യ ദിനത്തില്‍ ബൗളര്‍മാര്‍ക്ക് കിട്ടിയ അകമഴിഞ്ഞ പിന്തുണ ഇല്ലാതായി. ജയ്‌സ്വാള്‍ - രാഹുല്‍ സഖ്യത്തിന്റെ ക്ഷമയും ഇവിടെ എടുത്ത് പറയണം. തങ്ങള്‍ക്ക് അനുകൂലമല്ല സാഹചര്യങ്ങള്‍ എന്ന് മനസിലുറപ്പിച്ചാണ് ഇരുവരും ഓരോ പന്തുകളും നേരിട്ടത്. ആദ്യ ദിവസത്തെ തകര്‍ച്ചയില്‍ നിന്ന് ഇരുവരും പാഠങ്ങള്‍ ഉള്‍ക്കൊണ്ടെന്ന് വ്യക്തം. അപ്രതീക്ഷിത ബൗണ്‍സ് പ്രതീക്ഷിച്ചു തന്നെയാണ് ഇരുവരും കളിച്ചത്. അതിനൊപ്പം ജയ്‌സ്വാള്‍ വാക്കുകള്‍ കൊണ്ടും ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചിട്ടും ക്യാപ്റ്റന്‍ കമ്മിന്‍സിന് ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനായില്ല.

എന്നാല്‍ മൂന്നാം ദിനം ഇന്ത്യ കൂടുതല്‍ കരുതണം. രാവിലെയുള്ള സാഹചര്യങ്ങള്‍ പരമാവധി മുതലാക്കാനുറച്ച് നല്ല ഫ്രഷ്‌നസോടെയാകും ഓസീസ് പേസര്‍മാരെത്തുക. ക്ഷമ കൈവിടാതെ മുന്നൂറിനപ്പുറമുള്ള ഒരു രണ്ടാം ഇന്നിങ്‌സ് ലീഡെന്ന ഉറച്ച ലക്ഷ്യം മുന്നില്‍ക്കണ്ടുവേണം ബാറ്റു വീശാന്‍. ഒരു തകര്‍ച്ച ഈ ടെസ്റ്റ് മാത്രമല്ല, പരമ്പരയിലെ വരാനിരിക്കുന്ന മത്സരങ്ങളിലേക്കുള്ള ഇന്ത്യയുടെ ആത്മവിശ്വാസത്തെക്കൂടിയാകും തകര്‍ത്തുകളയുക. അതിനാല്‍ വിരാട് കോലിയിലെ ആ ആങ്കര്‍ ഇന്നിങ്‌സ് ബാറ്ററെയും ഇന്ത്യയ്ക്ക് മൂന്നാം ദിനം ആവശ്യം വരും. വിക്കറ്റുകള്‍ക്ക് ആത്മാഭിമാനത്തോളം വിലയുണ്ടെന്ന് കരുതി കളിക്കുക, മത്സരവും പരമ്പരയും കൂടെ വന്നോളും.
Content Highlights: Perth Test`s contrasting days: Day 1`s pace paradise turned into a batting feast on Day 2
Published: 23 Nov 2024, 10:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented