മുംബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്സാദ ഫര്‍ഹാനും ഐസിസിക്ക് മുന്നിൽ ഹാജരായി. ബിസിസിഐയുടെ പരാതിയിലാണ് ഇരുവരെയും ഹിയറിങ്ങിനായി വിളിപ്പിച്ചത്. ഹിയറിങ്ങിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയമായി ഏതെങ്കിലും തരത്തിലുള്ള പ്രേരണ ഈ ആംഗ്യങ്ങൾക്ക് പിന്നിലില്ലെന്നാണ് ഫർഹാൻ ഐസിസി പാനലിന് മുന്നിൽ വിശദീകരിച്ചത്.

To advertise here,

ബിസിസിഐയുടെ ആരോപണങ്ങൾ താരങ്ങൾ നിഷേധിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ എം.എസ്. ധോനിയും വിരാട് കോലിയും സമാനമായ ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ടെന്ന് ഫർഹാൻ വിശദീകരിച്ചു. ആഘോഷപ്രകടനത്തിന്റെ ഭാഗമായി വെടിവെയ്ക്കുന്നതുപോലെയുള്ള ആംഗ്യങ്ങൾ ധോനിയും കോലിയും കാണിച്ചതായാണ് ഫർഹാന്റെ ന്യായീകരണം. അത്തരം ആംഗ്യങ്ങൾ പ്രാദേശികമായ സാംസ്കാരത്തിന്റെ ഭാഗമാണെന്നും വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ ഇത്തരത്തിലുള്ള ആംഗ്യങ്ങൾ കാണിക്കാറുണ്ടെന്നും അത് സാധാരണയായി നടക്കാറുള്ളതാണെന്നും ഫർഹാൻ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയായിരുന്നു പാക് താരങ്ങളുടെ ഭാഗത്തു നിന്ന് ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങളുണ്ടായത്. സെപ്റ്റംബര്‍ 21-നായിരുന്നു ഇന്ത്യ - പാകിസ്താന്‍ മത്സരം. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ സാഹിബ്സാദ ഫര്‍ഹാന്‍ ഗാലറിക്കു നേരേ ബാറ്റ് ഉപയോഗിച്ച് തോക്കുകൊണ്ട് വെടിവെക്കുന്നതു പോലെയുള്ള ആംഗ്യം കാണിച്ചിരുന്നു.

ഇതേ മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ബൗണ്ടറി റോപ്പിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരിസ് റൗഫും പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചിരുന്നു. ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത റൗഫിനെ കോലി വിളികള്‍കൊണ്ട് കാണികള്‍ പരിഹസിച്ചതിന് പിന്നാലെ വിമാനം പറക്കുന്നതും താഴെ വീഴുന്നതുമായ ആംഗ്യമാണ് റൗഫ് കാണിച്ചത്. വിരലുകള്‍ ഉപയോഗിച്ച് 6-0 എന്ന ആംഗ്യവും റൗഫ് കാണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള സിന്ദൂര്‍ ഓപ്പറേഷനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു മത്സരത്തിനിടെയുള്ള ഹാരിസ് റൗഫിന്റെ ആംഗ്യങ്ങള്‍. മാത്രമല്ല ബൗള്‍ ചെയ്യുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനോടും അഭിഷേക് ശര്‍മയോടും റൗഫ് വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.