ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ട്രോഫി വിവാദത്തിൽ മഞ്ഞുരുകുന്നു. ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ഉടൻ തന്നെ ട്രോഫി കൈമാറിയേക്കുമെന്നാണ് വിവരം. ട്രോഫി ദുബായിലെ ഐസിസി ആസ്ഥാനത്താണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ യോഗത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവജിത്ത് സൈക്കിയയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയും ചർച്ചനടത്തിയതോടെയാണ് പ്രശ്നപരിഹാരത്തിന് കളമൊരുങ്ങിയത്.

To advertise here,

ഐസിസിയുടെ മുതിർന്ന ഭാരവാഹിയും ഉയർന്ന ഉദ്യോഗസ്ഥനും ചർച്ചയിൽ പങ്കെടുത്തു. ചർച്ച നടന്ന കാര്യം സൈക്കിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഐസിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ ചർച്ചയുടെ ഭാഗമായതായും പ്രശ്നപരിഹാരത്തിന് ഒരു ഐസിസി കമ്മിറ്റി രൂപീകരിക്കേണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അടുത്തുതന്നെ തീരുമാനമുണ്ടായേക്കുമെന്നും സൈക്കിയ പ്രതികരിച്ചു. അതേസമയം ഐസിസി യോഗത്തിൽ അവസാനഘട്ടത്തിലാണ് നഖ്‌വി എത്തിയത്.

ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.