മോങ് കോക്ക് (ഹോങ് കോങ്): ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതിനു പിന്നാലെ ഇന്ത്യയെ പരിഹസിച്ച പാകിസ്താന്‍ ടീമിനെതിരേ സോഷ്യല്‍ മീഡിയ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഫൈനലില്‍ കുവൈത്തിനെ പരാജയപ്പെടുത്തി പാകിസ്താന്‍ ജേതാക്കളായത്. ഇതിനു പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക് മുമ്പ് പങ്കുവെച്ച ഒരു പോസ്റ്റിനുള്ള മറുപടിയെന്നോണം പാകിസ്താന്‍ താരം മുഹമ്മദ് ഷഹ്സാദ് ഒരു പോസ്റ്റ് പങ്കുവെച്ചു. ഇതോടെയാണ് സംഗതി കൈവിട്ടുപോയത്.
നേരത്തേ ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ പാകിസ്താനെ രണ്ടു റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ശേഷിച്ച മത്സരങ്ങളില്‍ വിജയം കണ്ടെത്താനാകാതിരുന്നതോടെ സെമി ഫൈനലിന് യോഗ്യത നേടാനായില്ല. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയതിനു പിന്നാലെ ടീമിന്റെ ഭാഗമായിരുന്ന കാര്‍ത്തിക്ക് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഹോങ് കോങ് സിക്‌സസിന് രസകരമായ തുടക്കം. പാകിസ്താനെതിരേ വിജയം', എന്നായിരുന്നു അത്.
ഇതിനു പകരമെന്നോണം ടൂര്‍ണമെന്റ് ജയിച്ച ശേഷം മുഹമ്മദ് ഷഹ്സാദ് 'ഹോങ് കോങ് സിക്‌സസിന് രസകരമായ അന്ത്യം. കാര്യങ്ങളെല്ലാം പതിവുപോലെ' എന്ന് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റിനേക്കാള്‍ അതില്‍ ഉപയോഗിച്ച ഒരു ഹാഷ് ടാഗാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ചത്. #WeHaveARealTrophy എന്നായിരുന്നു അത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് വിജയിച്ച ഇന്ത്യന്‍ ടീം പാകിസ്താന്‍ മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഈ ട്രോഫി ഇതുവരെ ടീമിന് ലഭിച്ചിട്ടുമില്ല. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യയെ പരിഹസിക്കാനുള്ള ശ്രമമാണ് ഷഹ്‌സാദ് നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ അടക്കം നിലവില്‍ സജീവമായി കളിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പാകിസ്താന്‍ ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റ് ജയിച്ചത്. ഇന്ത്യയാകട്ടെ വിരമിച്ചു കഴിഞ്ഞ് മുപ്പതുകളുടെ അവസാനത്തിലോ നാല്‍പ്പതുകളിലോ ഉള്ള താരങ്ങളെയാണ് ടൂര്‍ണമെന്റില്‍ പങ്കെടുപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടിയും പാക് ടീമിനെ പലരും പരിഹസിക്കുന്നുണ്ട്. കമന്റേറ്റര്‍മാരോടും പരിശീലകരോടും തോറ്റ ഒരു പറ്റം സജീവ കളിക്കാരുടെ ടീം എന്നാണ് പാകിസ്താനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.
Content Highlights: Pakistan sparked controversy by mocking India after winning the Hong Kong Sixes. Social media slams their win with veteran players against India`s retired stars.
Published: 10 Nov 2025, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented