കറാച്ചി: ഫുട്‌ബോള്‍ മത്സരത്തിനു ശേഷം പാകിസ്താന്‍ ആര്‍മി ടീമും എതിരാളികളും തമ്മില്‍ മൈതാനത്ത് പൊരിഞ്ഞ അടി. കറാച്ചിയിലെ കെപിറ്റി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഗെയിംസ് ഫുട്‌ബോള്‍ സെമിഫൈനലിന് ശേഷമായിരുന്നു രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ കൂട്ടത്തല്ല്. സംഭവത്തില്‍ പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനും രാജ്യത്തിന്റെ പരമോന്നത ഒളിമ്പിക് ബോഡിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,

സെമിയില്‍ എതിരാളികളായ ഡബ്ല്യുഎപിഡിഎ ടീമിനെ 4-3ന് കീഴടക്കി പാക് ആര്‍മി ടീം ഫൈനലില്‍ പ്രവേശിച്ചിരുന്നു. പിന്നാലെ ആര്‍മി ടീം ഡഗൗട്ടില്‍ വിജയാഘോഷം നടത്തുകയായിരുന്നു. ഇതിനിടെ ഡബ്ല്യുഎപിഡിഎ ടീമിലെ ഏതാനും താരങ്ങള്‍ ആര്‍മി ടീമിന്റെ ഡഗൗട്ടിന് മുന്നില്‍ രോഷം പ്രകടിപ്പിച്ചതോടെയാണ് അടിപൊട്ടിയത്.

ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഇടിക്കുകയും നിലത്തിട്ട്‌ ചവിട്ടുകയും ചെയ്തു. അടിപിടിക്കിടെ ആര്‍മി ഉദ്യോഗസ്ഥരും ഇടിച്ചുകയറി തങ്ങളാലാവും വിധം എതിരാളികളെ കൈകാര്യം ചെയ്തു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം തുടരുന്നതിനിടെയായിരുന്നു കളിക്കളത്തിലെ പൊരിഞ്ഞ അടി. ഇതോടെ സംഗതി രാജ്യം മുഴുവന്‍ കണ്ടു. അടിപിടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനും പാകിസ്താന്‍ ഒളിമ്പിക് അസോസിയേഷനും അന്വേഷണം പ്രഖ്യാപിച്ചത്.

കൂട്ടത്തല്ലില്‍ നിരവധി കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ താരങ്ങള്‍ക്കുമെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡബ്ല്യുഎപിഡിഎ ടീമിലെ ചില കളിക്കാര്‍, റഫറിയെ ഡ്രസിങ് റൂമിലേക്ക് ഓടിച്ചുകയറ്റി മര്‍ദിക്കുകയും ചെയ്തു. മത്സരത്തിനിടെ റഫറി ആര്‍മി ടീമിന് പെനാല്‍റ്റി അനുവദിച്ചതില്‍ ഡബ്ല്യുഎപിഡിഎ ടീം പ്രതിഷേധിച്ചിരുന്നു.