കറാച്ചി: 2007-ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വി ഓര്‍ത്തെടുത്ത് മുന്‍ പാകിസ്താന്‍ താരം മിസ്ബാഹ് ഉള്‍ ഹഖ്. ആവേശകരമായ ഫൈനലില്‍ അഞ്ചു റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി. ജൊഗീന്ദര്‍ ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കേ ഒരു സിക്‌സര്‍ നേടിയ മിസ്ബാഹ് പാക് ടീമിനെ വിജയത്തിനടുത്തെത്തിച്ചിരുന്നു. പിന്നാലെ റിവേഴ്‌സ് സ്‌കൂപ്പിന് ശ്രമിച്ച താരത്തെ മലയാളി താരം ശ്രീശാന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഇപ്പോഴിതാ അമിത ആത്മവിശ്വാസമാണ് അന്ന് പാകിസ്താന്റെ തോല്‍വിയിലേക്ക് നയിച്ചതെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് മിസ്ബാഹ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2007 സെപ്റ്റംബര്‍ 24-ന് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത ഗൗതം ഗംഭീറിന്റെയും 16 പന്തില്‍ 30 റണ്‍സടിച്ച രോഹിത് ശര്‍മയുടെയും മികവില്‍ 157 റണ്‍സെടുത്തിരുന്നു. വാണ്ടറേഴ്‌സിലെ നീളം കുറഞ്ഞ ബൗണ്ടറികള്‍ കാരണം ഈ ലക്ഷ്യം എളുപ്പത്തില്‍ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാായിരുന്നു അന്ന് പാകിസ്താനെന്ന് മിസ്ബാഹ് പറഞ്ഞു.
''അവിടത്തെ പിച്ചിന്റെ സ്വഭാവവും ബൗണ്ടറികളുടെ നീളക്കുറവും കാരണം ഞങ്ങള്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. സ്പിന്‍ ബൗളിങ്ങിനെ കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇവിടെ റണ്‍സ് പ്രതിരോധിക്കുക ബുദ്ധിമുട്ടായിരുന്നു. വാണ്ടറേഴ്‌സില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അക്കാലത്ത് അവരുടെ പ്രധാന ബൗളറാകട്ടെ ഹര്‍ഭജന്‍ സിങ്ങും. നീളം കുറഞ്ഞ സൈഡ് ബൗണ്ടറികളുള്ള അവിടെ ഒരു ഓഫ് സ്പിന്നര്‍ക്ക് പന്തെറിയുക എന്നത് തീര്‍ത്തും ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ സ്പിന്‍ നന്നായി കളിക്കുന്നവരും.'' - മിസ്ബാഹ് പറഞ്ഞു.
''ചേസ് ചെയ്യാന്‍ അത്ര ബുദ്ധിമുട്ടുള്ള ലക്ഷ്യമായിരുന്നില്ല അതെന്നാണ് ഞങ്ങള്‍ കരുതിയത്. ഒരു നല്ല തുടക്കം മാത്രം മതിയായിരുന്നു. എന്നാല്‍ 2-3 ഓവറുകള്‍ക്കിടെ പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടമായി, ഇമ്രാന്‍ നസീറിന്റെ റണ്ണൗട്ടാണ് ശരിക്കും സമ്മര്‍ദമുണ്ടാക്കിയത്. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ആറു വിക്കറ്റിന് 77 റണ്‍സെന്ന നിലയിലായിരുന്നു. വിക്കറ്റുകള്‍ നഷ്ടമായത് ലക്ഷ്യം ബുദ്ധിമുട്ടാക്കി. അമിത ആത്മവിശ്വാസം കാര്യങ്ങള്‍ മോശമാക്കി.'' - മിസ്ബാഹ് കൂട്ടിച്ചേര്‍ത്തു.
Content Highlights: over confidence ruined it misbah-ul-haq recalled heart-breaking loss t20 world cup 2007 final
Published: 12 Jul 2024, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented