ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് തിരിച്ചടി. സഹനായകനും പ്രധാന ബാറ്റര്‍മാരിലൊരാളുമായ ഒലി പോപ്പ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ കളിക്കില്ല. പരിക്കാണ് താരത്തിന് തിരിച്ചടി നല്‍കിയത്. 

To advertise here,

തോളെല്ലിന് പരിക്കേറ്റ ഒലി പോപ്പിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ തോളെല്ല് സ്ഥാനം തെറ്റിക്കിടക്കുകയാണെന്നും പൂര്‍വസ്ഥിതിയിലേക്കെത്താന്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 25 കാരനായ പോപ്പ് ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബാറ്റിങ്ങില്‍ ഇതുവരെ താളം കണ്ടെത്താത്ത ഇംഗ്ലണ്ടിന് കനത്ത പ്രഹരമാണ് താരത്തിന്റെ പരിക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 2-0 ന് പിന്നിലാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ആതിഥേയര്‍ക്ക് ആഷസ് പരമ്പര നേടാനാകൂ.