ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ നിശ്ചിത ഓവർ പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ന്യൂസീലൻഡ് ടീം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള കിവീസ് ടീമിൽ ഇന്ത്യയെ ഞെട്ടിക്കാൻ ഒരു 23-കാരൻ ലെഗ് സ്പിന്നറുണ്ട്. ഇന്ത്യൻ വംശജൻ കൂടിയായ ആദിത്യ അശോക്. കഴിഞ്ഞവർഷം ചെന്നൈയിലെ സിഎസ്‌കെ (സൂപ്പർ കിങ്‌സ്) അക്കാദമിയിൽ രണ്ടാഴ്ച ചെലവഴിച്ച അശോകിന് ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ട്. അന്തിമ ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ മികച്ച പ്രകടനംതന്നെ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആദിത്യ.

To advertise here,

ദിപക് പട്ടേൽ, അജാസ് പട്ടേൽ, ജീത് റാവൽ, ജീതൻ പട്ടേൽ, ഇഷ് സോധി, രചിൻ രവീന്ദ്ര തുടങ്ങിയ കിവീസ് ടീമിൽ കളിച്ച ഇന്ത്യൻ വംശജരുടെ പട്ടികയിലേക്കാണ് ആദിത്യയും വരുന്നത്. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയായ ആദിത്യ, നാലാം വയസിലാണ് തമിഴ്‌നാട്ടിൽനിന്ന് ന്യൂസീലൻഡിലേക്ക് എത്തപ്പെടുന്നത്.

തമിഴ്‌നാട്ടിലെ തന്റെ കുടുംബവുമായി ഇപ്പോഴും അടുത്ത ബന്ധത്തിൽ തന്നെയാണ് ആദിത്യ. ഏറ്റവും പ്രിയം മുത്തച്ഛനോടായിരുന്നു. കടുത്ത രജനീകാന്ത് ആരാധകനായിരുന്ന മുത്തച്ഛനോടുള്ള ആദരസൂചകമായി തന്റെ വലതുകൈയിൽ രജനിയുടെ ഹിറ്റ് സിനിമയായ പടയപ്പയിലെ 'എൻ വഴി തനി വഴി' എന്ന പ്രസിദ്ധമായ ഡയലോഗ് ആദിത്യ പച്ചകുത്തിയിട്ടുണ്ട്. മുത്തച്ഛൻ രോഗിയായിരുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം ആദിത്യ കണ്ട സിനിമയായിരുന്നു പടയപ്പ. ഇതും ടാറ്റൂ ചെയ്യാനുള്ള കാരണമായി.

ഇന്ത്യയിലെ പതിവുസന്ദർശകനാണ് ആദിത്യ. കഴിഞ്ഞവർഷം ചെന്നൈയിലെ സിഎസ്‌കെ അക്കാദമിയിൽ പരിശീലനം നേടാൻ കഴിഞ്ഞത് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായി ആദിത്യ കാണുന്നു. ഇന്ത്യയിലെ വ്യത്യസ്തതരം പിച്ചുകളെക്കുറിച്ചും ഓരോന്നിലും എങ്ങനെ പന്തെറിയണമെന്നതിനേക്കുറിച്ചും ആദ്യത്യ പഠിക്കുന്നത് അക്കാദമിയിലെ പരിശീലനത്തിനിടെയാണ്. പരമ്പരയിൽ ഇന്ത്യൻ താരങ്ങൾക്കെതിരേ പന്തെറിയുമ്പോൾ ഈ അനുഭവം പ്രയോജനപ്പെടുമെന്ന് താരം വിശ്വസിക്കുന്നു.

സ്പിൻ ഇതിഹാസം ഷെയ്ൻ വോണാണ് ആദ്യത്യയുടെ റോൾ മോഡൽ. തരുൺ നെതുലയും ഇഷ് സോധിയുമാണ് കിവീസ് ടീമിലെ ഇഷ്ട സ്പിന്നർമാർ.